മലപ്പുറം: നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണെന്ന് വിശ്വസിപ്പിച്ച് സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. പാലക്കാട് കോതകുറുശ്ശി സ്വദേശി മുഹമ്മദ് അലിയെയാണ് പൊലീസ് പിടികൂടിയത്.
കേരള സർക്കാരിന് കീഴിലുള്ള വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി ശരിയാക്കിനൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുൻപ് സെക്രട്ടേറിയറ്റിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി, എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് വിവരം.

ജോലി വാഗ്ദാനം വിശ്വസിച്ച് പണം നൽകിയിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും നിയമനം ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് പൊന്നാനി സ്വദേശി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊന്നാനിക്ക് പുറമെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാനമായ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്നും കേസുകളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.
