Tuesday, October 13, 2026

UPI ഇടപാടുകൾക്ക് ഫീസ് ഉടനില്ല; MDR നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷം

ഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷം മതിയെന്ന് തീരുമാനം. ഉത്സവകാലത്തെ തിരക്ക് കണക്കിലെടുത്താണ് നടപടി നീട്ടിവെച്ചത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് യുപിഐ ആൻഡ് സർവീസസ് സ്റ്റീയറിങ് കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

വ്യവസായ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പേയ്മെന്റ് സർവീസ് പ്രൊവൈഡർമാർ, വ്യാപാരി സംഘടനകൾ എന്നിവരിൽ നിന്ന് ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഉത്സവ സീസണിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 0.4 ശതമാനം ഫീസ്

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 0.4 ശതമാനം എംഡിആർ നിശ്ചയിച്ചതായാണ് അറിയിപ്പ്. ഡിജിറ്റൽ പേയ്മെന്റുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എംഡിആർ.

നിർദിഷ്ട നിരക്ക് അനുസരിച്ച് 2,000 രൂപയുടെ ഇടപാടിന് എട്ട് രൂപയും 10,000 രൂപയുടെ ഇടപാടിന് 40 രൂപയും ഫീസായി വരും. എന്നാൽ, ഈ നിരക്ക് നടപ്പാക്കുന്നത് ദീപാവലിക്ക് ശേഷം മാത്രമായിരിക്കും.

ചില മേഖലകൾക്ക് പ്രത്യേക നിരക്ക്

റെയിൽവേ, ടെലികോം, ഇൻഷുറൻസ്, ഇന്ധനം, കാർഷികോപകരണങ്ങൾ തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് അഞ്ച് രൂപയുടെ ഫ്ലാറ്റ് എംഡിആർ ആണ് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, വ്യാപാരികൾക്ക് ലഭിക്കുന്ന 2,000 രൂപയിൽ താഴെയുള്ള യുപിഐ ഇടപാടുകൾക്ക് എംഡിആർ ഈടാക്കില്ലെന്നാണ് അറിയിപ്പ്.

തീരുമാനത്തിനെതിരെ പ്രതിഷേധം

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികൾ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഡിജിറ്റൽ പേയ്മെന്റുകളുടെ ചെലവ് വർധിക്കുമെന്ന ആശങ്കയും വ്യാപാരികൾ ഉന്നയിച്ചിരുന്നു. എംഡിആർ നടപ്പാക്കൽ നീട്ടിയതോടെ നിലവിലെ ഉത്സവ സീസണിൽ വ്യാപാരികൾക്ക് താൽക്കാലിക ആശ്വാസമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!