Thursday, October 15, 2026

കേന്ദ്ര പെൻഷൻ പദ്ധതികളിൽ പേരുമാറ്റം; ഇന്ദിരാഗാന്ധിയുടെ പേരിന് പകരം ഇനി ‘പ്രധാനമന്ത്രി’ പദ്ധതികൾ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിലുള്ള പെൻഷൻ പദ്ധതികളുടെ പേരുകളിൽ മാറ്റം വരുത്തി കേന്ദ്ര മന്ത്രിസഭ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻ പദ്ധതികളുടെ പേരുകളിൽ നിന്ന് അവരുടെ പേര് ഒഴിവാക്കി പകരം ‘പ്രധാനമന്ത്രി’ എന്ന പേര് ഉൾപ്പെടുത്താനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

ദേശീയ സാമൂഹിക സഹായ പദ്ധതി (എൻഎസ്എപി) 2026–27 മുതൽ 2030–31 വരെയുള്ള അഞ്ച് വർഷത്തേക്ക് കൂടി തുടരാനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിക്കായി 53,428 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രാമവികസന മന്ത്രാലയം സമർപ്പിച്ച നിർദേശത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

പെൻഷൻ പദ്ധതികളുടെ പുതിയ പേരുകൾ

പദ്ധതികളുടെ പേരുകൾ മാറ്റിയതോടെ ദേശീയ സാമൂഹിക സഹായ പദ്ധതിക്ക് കീഴിലുള്ള വിവിധ ആനുകൂല്യ പദ്ധതികൾക്ക് പുതിയ പേരുകൾ ലഭിക്കും.

  • ദേശീയ സാമൂഹിക സഹായ പദ്ധതി: പ്രധാനമന്ത്രി സമാജിക് സഹായതാ യോജന
  • ഇന്ദിരാഗാന്ധി ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി: പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന
  • ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ പദ്ധതി: പ്രധാനമന്ത്രി വിധവാ പെൻഷൻ യോജന
  • ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി: പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന
  • ദേശീയ കുടുംബ ആനുകൂല്യ പദ്ധതി: പ്രധാനമന്ത്രി പരിവാർ ലാഭ് യോജന

ഭിന്നശേഷി പെൻഷൻ തുക വർധിപ്പിച്ചു

പേരുമാറ്റത്തിന് പുറമെ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ തുകയിലും അർഹതാ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ദിവ്യാംഗ്ജൻ പെൻഷൻ യോജന പ്രകാരം 79 വയസ്സുവരെ പ്രായമുള്ള ഗുണഭോക്താക്കൾക്ക് പ്രതിമാസം 300 രൂപ ലഭിച്ചിരുന്നത് 375 രൂപയായി ഉയർത്തി. 80 വയസ്സും അതിനുമുകളിലും പ്രായമുള്ളവർക്ക് പെൻഷൻ തുക 500 രൂപയിൽനിന്ന് 625 രൂപയായും വർധിപ്പിച്ചു.

ഭിന്നശേഷി പെൻഷന് അർഹത നേടുന്നതിനുള്ള കുറഞ്ഞ ഭിന്നശേഷി തോത് 80 ശതമാനത്തിൽനിന്ന് 40 ശതമാനമായി കുറച്ചതും പ്രധാന മാറ്റമാണ്. ഇതോടെ കൂടുതൽ ഭിന്നശേഷിക്കാർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ വഴിയൊരുങ്ങും. പെൻഷന് അർഹത നേടുന്നതിനുള്ള കുറഞ്ഞ പ്രായപരിധിയും ജനനം മുതൽ എന്ന നിലയിൽ പരിഷ്കരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

വാർധക്യ, വിധവാ പെൻഷനുകളിൽ മാറ്റമില്ല

ഭിന്നശേഷി പെൻഷൻ തുക വർധിപ്പിച്ചെങ്കിലും വാർധക്യകാല പെൻഷൻ, വിധവാ പെൻഷൻ എന്നിവയുടെ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. ഈ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് നിലവിലുള്ള നിരക്കിൽ തന്നെ പെൻഷൻ തുടരും.

വയോജനങ്ങൾ, വിധവകൾ, ഭിന്നശേഷിക്കാർ തുടങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി 1995-ലാണ് ദേശീയ സാമൂഹിക സഹായ പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നായ എൻഎസ്എപിയുടെ കാലാവധി നീട്ടുന്നതിനൊപ്പം പേരുകളിലും ആനുകൂല്യങ്ങളിലും വരുത്തിയ മാറ്റങ്ങൾ പുതിയ സാമ്പത്തിക വർഷം മുതൽ ശ്രദ്ധേയമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!