തൃശൂർ: വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയ (27), മകൻ ദക്ഷിൻ (4) എന്നിവരെ ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ വിജേഷിനെ തൃശൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.
വിസ്മയയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു. ഈ സമയം കഴുത്തിന് ഗുരുതരമായി പരുക്കേറ്റ നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് കുട്ടിയെയും ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് വിജേഷിനെയും കുട്ടിയെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലുള്ള വിജേഷ് ചികിത്സയിൽ തുടരുകയാണ്.
കുടുംബവഴക്കാണോ സംഭവത്തിന് പിന്നിലെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി കൂടുതൽ അന്വേഷണം നടത്തും.
