കാനഡയുടെ കുടിയേറ്റ സമ്പ്രദായത്തിൽ സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രമുഖ തിങ്ക് ടാങ്കായ കൗൺസിൽ ഓഫ് കാനഡയുടെ റിപ്പോർട്ട്. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഭരണകാലത്ത് നടപ്പാക്കിയ കുടിയേറ്റ നയങ്ങൾ പുനഃപരിശോധിക്കണമെന്നും, കൂടുതൽ ഫലപ്രദമായിരുന്ന പഴയ രീതികളിലേക്ക് മടങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

കുടിയേറ്റക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനൊപ്പം അവരുടെ തൊഴിൽ യോഗ്യത, സാമ്പത്തിക സംഭാവന, രാജ്യത്തെ തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ എന്നിവയ്ക്കും മുൻഗണന നൽകേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം. സമീപ വർഷങ്ങളിൽ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ ഭവനലഭ്യത, തൊഴിൽ കണ്ടെത്തൽ, പൊതുസേവനങ്ങളുടെ ശേഷി തുടങ്ങിയ മേഖലകളിൽ സമ്മർദ്ദം ഉയർന്നിട്ടുണ്ടെന്ന ആശങ്കകളും കുടിയേറ്റ നയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കാനഡയുടെ സാമ്പത്തിക ആവശ്യങ്ങളും ജനസംഖ്യാ വളർച്ചയും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കുന്ന രീതിയിൽ കുടിയേറ്റ സംവിധാനം പരിഷ്കരിക്കണമെന്നാണ് റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന പ്രധാന നിലപാട്. റിപ്പോർട്ടിലെ നിർദേശങ്ങളോട് മാർക്ക് കാർണി സർക്കാർ എങ്ങനെ പ്രതികരിക്കുമെന്നതും ഭാവിയിൽ കുടിയേറ്റ നയങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തുമെന്നതും ശ്രദ്ധേയമാണ്.

