Tuesday, October 20, 2026

ടൊറന്റോ മേയര്‍ തിരഞ്ഞെടുപ്പ്: ഒലിവിയ ചൗവും ബ്രാഡ് ബ്രാഡ്ഫോര്‍ഡും തമ്മില്‍ കടുത്ത പോരാട്ടം

ടൊറന്റോ: ടൊറന്റോ മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മേയര്‍ സ്ഥാനാര്‍ത്ഥികളായ ഒലിവിയ ചൗവും ബ്രാഡ് ബ്രാഡ്ഫോര്‍ഡും തമ്മിലുള്ള പോരാട്ടം കനക്കുന്നു. നാനോസ് റിസര്‍ച്ച് നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ ഇരുവര്‍ക്കുമിടയിലെ വ്യത്യാസം ഗണ്യമായി കുറഞ്ഞതായി വ്യക്തമാകുന്നു. ഒക്ടോബര്‍ 15-നും 18-നും ഇടയില്‍ 762 മുതിര്‍ന്ന ടൊറന്റോ നിവാസികളില്‍ നടത്തിയ സര്‍വേ പ്രകാരം, വോട്ട് ഉറപ്പിച്ചവരില്‍ 49.8 ശതമാനം പേരുടെ പിന്തുണ ഒലിവിയ ചൗവിനുണ്ട്. എതിരാളിയായ ബ്രാഡ് ബ്രാഡ്ഫോര്‍ഡിന് 46.6 ശതമാനം വോട്ടര്‍മാരുടെ പിന്തുണയുണ്ട്. അതേസമയം, നാല് ശതമാനം പേര്‍ മറ്റ് സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി.

സര്‍വേയുടെ ‘മാര്‍ജിന്‍ ഓഫ് എറര്‍’ പ്ലസ് അല്ലെങ്കില്‍ മൈനസ് 3.6 ശതമാനമായതിനാല്‍, സാങ്കേതികമായി രണ്ടുപേരും ഒപ്പത്തിനൊപ്പം (Statistical Tie) ആണെന്ന് കണക്കാക്കാം. ഒക്ടോബര്‍ 6-ന് പുറത്തുവന്ന സര്‍വേയില്‍ ചൗവിന് ബ്രാഡ്ഫോര്‍ഡിനേക്കാള്‍ 10 പോയിന്റോളം വലിയ മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍, മറ്റൊരു സ്ഥാനാര്‍ത്ഥിയായ ക്രിസ് അലക്‌സാണ്ടര്‍ പ്രചാരണം അവസാനിപ്പിച്ചതോടെയാണ് മത്സരം കൂടുതല്‍ കടുപ്പമായത്.

മേഖല തിരിച്ചുള്ള സര്‍വേ കണക്കുകള്‍ പരിശോധിച്ചാല്‍, സ്‌കാര്‍ബറോയിലും (50.9%) ഡൗണ്‍ടൗണിലും (58.2%) ചൗ മുന്നേറുമ്പോള്‍, നോര്‍ത്ത് യോര്‍ക്കിലും (54.1%) എറ്റോബിക്കോക്കിലും (52.9%) ബ്രാഡ്ഫോര്‍ഡിനാണ് മേല്‍കൈ. പ്രായപരിധി അടിസ്ഥാനമാക്കിയുള്ള പിന്തുണയില്‍, 18-നും 34-നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ 55 ശതമാനത്തിലധികം പേര്‍ ഒലിവിയ ചൗവിനെ അനുകൂലിക്കുമ്പോള്‍, 35 വയസ്സിന് മുകളിലുള്ള വോട്ടര്‍മാര്‍ക്കിടയില്‍ ബ്രാഡ്ഫോര്‍ഡിനാണ് കൂടുതല്‍ പ്രചാരമുള്ളത്.

തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ പോന്ന വലിയൊരു വിഭാഗം വോട്ടര്‍മാര്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിലവില്‍ 16 ശതമാനം വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഉറപ്പിച്ചിട്ടില്ല. വോട്ട് ചെയ്യാന്‍ ഉറപ്പിച്ചവരുടെ ഇടയില്‍ ഒലിവിയ ചൗവിന് 4 പോയിന്റ് മുന്‍തൂക്കമുണ്ടെങ്കിലും, വോട്ട് ചെയ്യുമോ എന്ന് ഉറപ്പില്ലാത്തവരുടെ ഇടയില്‍ ബ്രാഡ്ഫോര്‍ഡാണ് മുന്നില്‍ നില്‍ക്കുന്നത്.

ഒക്ടോബര്‍ 26-നാണ് ടൊറന്റോയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അതിനുമുന്നോടിയായി ഒക്ടോബര്‍ 22-ന് നടക്കുന്ന തത്സമയ സംവാദവും, അവസാനഘട്ടത്തിലെ താഴെത്തട്ടിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായിരിക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ പ്രധാനമായും നിര്‍ണ്ണയിക്കുക എന്ന് നാനോസ് റിസര്‍ച്ചിന്റെ ചീഫ് ഡാറ്റാ സയന്റിസ്റ്റ് നിക് നാനോസ് അഭിപ്രായപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!