ഓട്ടവ: കോൾ സെന്റർ വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാരിൽ നിന്ന് ഒരാൾക്ക് 30 കനേഡിയൻ ഡോളർ അധിക ഫീസ് ഈടാക്കാൻ എയർ കാനഡയുടെ തീരുമാനം. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അധിക ഫീസ് നൽകേണ്ടതില്ല.
ഡിജിറ്റൽ ബുക്കിങ് പ്രോത്സാഹിപ്പിക്കുന്നതിനും കോൾ സെന്ററുകളിലെ തിരക്ക് കുറയ്ക്കുന്നതിനുമാണ് പുതിയ നടപടിയെന്ന് എയർ കാനഡ വ്യക്തമാക്കി. കോൾ സെന്റർ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്ന തുക ടിക്കറ്റ് നിരക്കിൽ ഉൾപ്പെടില്ല. ബുക്കിങ് ഫീസ് പ്രത്യേകമായാണ് രേഖപ്പെടുത്തുക. ടിക്കറ്റ് പിന്നീട് റദ്ദാക്കിയാലും ഈ തുക തിരികെ ലഭിക്കില്ല. രണ്ട് യാത്രക്കാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ആകെ 60 കനേഡിയൻ ഡോളർ അധികമായി നൽകേണ്ടിവരും.
ഓൺലൈൻ ബുക്കിങ്ങിന് പ്രോത്സാഹനം
വെബ്‌സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് യാത്രക്കാർക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാനാകുന്നതിനാൽ കോൾ സെന്ററുകളിലെ തിരക്ക് കുറയ്ക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. ഇതിലൂടെ ജീവനക്കാർക്ക് സങ്കീർണമായ യാത്രാ പ്രശ്‌നങ്ങൾ നേരിടുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ശ്രദ്ധ നൽകാനാകുമെന്നും എയർ കാനഡ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ മറ്റ് വിമാനക്കമ്പനികളായ വെസ്റ്റ്ജെറ്റും ഫ്ലെയറും കോൾ സെന്റർ വഴിയുള്ള ബുക്കിങ്ങിന് നേരത്തേ തന്നെ ഫീസ് ഈടാക്കുന്നുണ്ട്. ഈ രീതിയിലേക്കാണ് എയർ കാനഡയും മാറുന്നത്.

ചില യാത്രക്കാർക്ക് ഫീസിൽ ഇളവ്
പ്രത്യേക പരിചരണമോ അധിക പിന്തുണയോ ആവശ്യമുള്ള യാത്രക്കാരെ പുതിയ ഫീസിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. വിമാനങ്ങൾ വൈകുകയോ റദ്ദാക്കപ്പെടുകയോ മറ്റ് യാത്രാതടസ്സങ്ങൾ ഉണ്ടാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലും ഈ ബുക്കിങ് ഫീസ് ബാധകമാകില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിലവിലുള്ള റിസർവേഷനുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും വിവരങ്ങൾ തേടാനും യാത്രക്കാർക്ക് ഫീസില്ലാതെ കോൾ സെന്ററുമായി ബന്ധപ്പെടാം. അതിനാൽ പുതിയ നിരക്ക് പ്രധാനമായും ഫോൺ വഴി പുതിയ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെയാണ് ബാധിക്കുക.
എയറോപ്ലാൻ റിവാർഡ് ബുക്കിങ്ങിലും ഫീസ്
എയർ കാനഡയുടെ എയറോപ്ലാൻ റിവാർഡ് പോയിന്റുകൾ ഉപയോഗിച്ച് ഫോൺ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നേരത്തേ തന്നെ ഫീസ് ബാധകമായിരുന്നു. പുതിയ പരിഷ്കാരത്തിലും ഈ നിബന്ധന തുടരുമെന്ന് കമ്പനി അറിയിച്ചു.
ഭൂരിഭാഗം യാത്രക്കാരും ഓൺലൈൻ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നതിനാൽ പുതിയ തീരുമാനം പരിമിതമായ വിഭാഗത്തെയാകും നേരിട്ട് ബാധിക്കുകയെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നാൽ ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും ഫോൺ വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ ആശ്രയിക്കുന്നവർക്കും പുതിയ ഫീസ് അധിക സാമ്പത്തിക ബാധ്യതയാകും.
