Thursday, October 22, 2026

സൗദിയില്‍ അന്താരാഷ്ട്ര വിമാനത്താവളം ആക്രമിച്ച് ഹൂതികള്‍; ഒരാള്‍ കൊല്ലപ്പെട്ടു, എട്ടുപേര്‍ക്ക് പരുക്ക്

ദുബായ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണം. ആക്രമണത്തില്‍ ഒരു പ്രവാസി കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തെത്തുടര്‍ന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്ത്, സൗദിയിലുള്ള തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോടും കുടുംബങ്ങളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കി. സംഭവിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള വിമാന സര്‍വീസുകള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരിക്കുകയാണ്. സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റിയാണ് ആക്രമണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

യെമനിലെ ഹൂതി വിമതരും സൗദി പിന്തുണയുള്ള സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. അതേസമയം, ഹൂതികളുടെ ആക്രമണങ്ങളെ ചെറുക്കാന്‍ സൗദിക്ക് പിന്തുണയുമായി ഫ്രാന്‍സും ബ്രിട്ടനും രംഗത്തെത്തിയിട്ടുണ്ട്. മറ്റ് ചില വിമാനത്താവളങ്ങള്‍ക്ക് നേരെയും അടുത്തിടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അരാംകോയുടെ തെക്കുകിഴക്കന്‍ സൗദിയിലുള്ള ഷൈബ എണ്ണപ്പാടത്തിന് നേരെയും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നു. യുഎഇ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സൗദി ഊര്‍ജമന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് വാഹനത്തിന് തീപിടിക്കുകയും, ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളായ രണ്ട് പ്രവാസികള്‍ കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ ഒരു ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരനും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!