ഓട്ടവ: കുടിയേറ്റ നയങ്ങളില്‍ കൂടുതല്‍ അധികാരം വേണമെന്ന ആല്‍ബര്‍ട്ട പ്രവിശ്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. 1990-കളുടെ തുടക്കത്തില്‍ കെബെക്കുമായി ഓട്ടവ ഒപ്പിട്ടതിന് സമാനമായ കരാര്‍ ആല്‍ബര്‍ട്ടയ്ക്കും നല്‍കുന്നത് തള്ളിക്കളയാനാവില്ലെന്ന് പാര്‍ലമെന്റ് ഹില്ലില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം സൂചിപ്പിച്ചു. ‘നോക്കാം,’ എന്നായിരുന്നു ഫ്രഞ്ച് ഭാഷയില്‍ കാര്‍ണിയുടെ പ്രതികരണം.
ഭാഷയും സംസ്‌കാരവും മുന്‍നിര്‍ത്തി കെബെക്കിന് പ്രത്യേക പദവിയുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുടിയേറ്റക്കാരുടെ എണ്ണം തീരുമാനിക്കുന്നതിനായി മറ്റ് പ്രവിശ്യകളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു. 1991-ല്‍ കെബെക്കുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം പ്രവിശ്യയിലേക്ക് എത്തുന്ന സാമ്പത്തിക കുടിയേറ്റക്കാരുടെ എണ്ണം സ്വയം നിര്‍ണ്ണയിക്കാന്‍ കെബെക്കിന് അധികാരം ലഭിച്ചിരുന്നു.

കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് പ്രവിശ്യയ്ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആല്‍ബര്‍ട്ടയില്‍ നടന്ന ഹിതപരിശോധനയില്‍ 10 ലക്ഷത്തിലധികം ആളുകള്‍ (ഏകദേശം 53 ശതമാനം) ‘യേസ്’ വോട്ട് ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന. ഹിതപരിശോധനാ ഫലത്തിന് പിന്നാലെ, കെബെക് മാതൃകയിലുള്ള നിര്‍ദ്ദേശം ഫെഡറല്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയല്‍ സ്മിത്ത് വ്യക്തമാക്കി.
അതേസമയം, രാജ്യത്തുടനീളമുള്ള കുടിയേറ്റ നിരക്ക് നിയന്ത്രണവിധേയമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കാര്‍ണി പറഞ്ഞു. എന്നാല്‍, പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പൊളിയേവ് പ്രതികരിച്ചത് ലിബറല്‍ സര്‍ക്കാരിന് കുടിയേറ്റ നയങ്ങളില്‍ പൂര്‍ണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ടു എന്നാണ്. പുതിയ കുടിയേറ്റക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കേണ്ടത് പ്രവിശ്യകളായതിനാല്‍ അവര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരുന്ന മാസത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ തങ്ങളുടെ പുതിയ കുടിയേറ്റ ലക്ഷ്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.
