Thursday, October 22, 2026

ആഗോള സൈബര്‍ സുരക്ഷാ ഭീഷണി; ഔദ്യോഗിക ആപ്പുകളും വെബ്സൈറ്റുകളും താല്‍ക്കാലികമായി പൂട്ടി കാനഡ

മണ്‍ട്രിയോള്‍: ലോകമെമ്പാടുമുള്ള 70 ശതമാനത്തോളം വെബ്സൈറ്റുകളുടെയും ആപ്പുകളുടെയും അടിസ്ഥാനമായ ‘പി.എച്ച്.പി’ (PHP) കോഡിങ് ലാംഗ്വേജില്‍ ഗുരുതരമായ സുരക്ഷാ തകരാറുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് കനേഡിയന്‍ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ അടക്കം ലോകമെമ്പാടുമുള്ള നിരവധി പ്രമുഖ പോര്‍ട്ടലുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി സമീപകാലത്ത് നടത്തേണ്ടി വന്ന ഏറ്റവും വലിയ തിരുത്തല്‍ നടപടികളില്‍ ഒന്നാണിതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു.

പി.എച്ച്.പി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദശലക്ഷക്കണക്കിന് സെര്‍വറുകള്‍ ഹാക്കിങ് ഭീഷണിയിലാണെന്നും, വിവിധ ശൃംഖലകള്‍ ചോര്‍ത്തപ്പെടാന്‍ ഇത് കാരണമാകുമെന്നും എഫ്.ബി.ഐയുടെ (FBI) സൈബര്‍ വിഭാഗം ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പ്രവര്‍ത്തനം തടസ്സപ്പെട്ട പ്രധാന വെബ്സൈറ്റുകള്‍:

കനേഡിയന്‍ സര്‍ക്കാര്‍ പോര്‍ട്ടലുകള്‍: കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍കരുതലെന്ന നിലയിലാണ് വെബ്സൈറ്റുകള്‍ താല്‍ക്കാലികമായി ഓഫ്ലൈനാക്കിയതെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഇന്നൊവേഷന്‍ മന്ത്രി ഇവാന്‍ സോളമന്‍ വ്യക്തമാക്കി. സുരക്ഷാ അപ്ഡേറ്റുകള്‍ (Patches) പൂര്‍ത്തിയാകുന്നതോടെ ഇവയുടെ പ്രവര്‍ത്തനം പുനഃസ്ഥാപിക്കും.

മണ്‍ട്രിയോള്‍ ഗതാഗത അതോറിറ്റി (STM): ബുധനാഴ്ച ഉച്ചയോടെ ‘stm.info’ എന്ന വെബ്സൈറ്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. തുടര്‍ന്ന് യാത്രക്കാര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാന്‍ ‘beta.stm.info’ എന്ന ബദല്‍ പോര്‍ട്ടലിലേക്ക് വഴിതിരിച്ചുവിട്ടു.

കെബെക് മദ്യ കമ്മീഷന്‍ (SAQ): സിസ്റ്റത്തില്‍ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും മുന്‍കരുതലെന്ന നിലയില്‍ പോര്‍ട്ടല്‍ ഓഫ്ലൈനാക്കി.

യൂറോപ്യന്‍ യൂണിയന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (ENISA) നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഫിന്‍ലാന്‍ഡിലെ നാഷണല്‍ ലാന്‍ഡ് സര്‍വേ, ഹെല്‍സിങ്കി ബുക്ക് ഫെയര്‍ തുടങ്ങിയ പ്രമുഖ വെബ്സൈറ്റുകളും താല്‍ക്കാലികമായി അടച്ചുപൂട്ടി.

എന്താണ് പി.എച്ച്.പി? എന്തുകൊണ്ടാണ് ഈ ഭീഷണി ഗുരുതരമാകുന്നത്?

ഡിജിറ്റല്‍ ലോകത്തെ ഒരു കെട്ടിടത്തിന്റെ തറക്കല്ല് (Foundation) പോലെയാണ് പി.എച്ച്.പി എന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനായ റിതേഷ് കൊട്ടാക് ചൂണ്ടിക്കാണിക്കുന്നു. ഉപയോക്താക്കള്‍ വെബ്സൈറ്റുകളില്‍ ലോഗിന്‍ ചെയ്യുമ്പോഴും ഓണ്‍ലൈന്‍ ഷോപ്പിങ് കാര്‍ട്ടുകളില്‍ സാധനങ്ങള്‍ ചേര്‍ക്കുമ്പോഴുമെല്ലാം പ്രവര്‍ത്തിക്കുന്നത് പി.എച്ച്.പി കോഡിങ് ആണ്.

ഓഗസ്റ്റ് മാസത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെയാണ് പി.എച്ച്.പിയിലെ രണ്ട് പ്രധാന സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയത്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് ഹാക്കര്‍മാര്‍ സിസ്റ്റങ്ങളിലേക്ക് കടന്നുകയറാന്‍ സാധ്യതയുള്ളതിനാല്‍, ഉപയോക്താക്കള്‍ എത്രയും വേഗം പുതിയ സെക്യൂരിറ്റി പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് പി.എച്ച്.പി ഡെവലപ്പര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ ആക്രമണകാരികള്‍ ഈ തകരാറുകള്‍ മുതലെടുത്ത് ഡാറ്റ ചോര്‍ത്താനും വെബ്സൈറ്റുകളുടെ നിയന്ത്രണം പൂര്‍ണ്ണമായും തട്ടിയെടുക്കാനും സാധ്യതയേറെയാണ്.

ബാങ്ക് അക്കൗണ്ടുകളിലും മറ്റ് ഓണ്‍ലൈന്‍ സേവനങ്ങളിലും സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങളെ അറിയിക്കണമെന്നും വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!