ദില്ലി: സൗദി അറേബ്യയിലെ സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരന് കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയത്. ഒക്ടോബര്‍ 21-ന് ദമ്മാം വിമാനത്താവളത്തിനും കിഴക്കന്‍ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിനും നേര്‍ക്കുണ്ടായ ആക്രമണങ്ങളെ ഇന്ത്യ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
സാധാരണക്കാര്‍ താമസിക്കുന്ന മേഖലകളെയും ഊര്‍ജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, ഇവ ഉടനടി അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷാവസ്ഥ മുന്‍നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. മേഖലയില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചര്‍ച്ച ചെയ്തതോടൊപ്പം, നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിക്കുകയും ചെയ്തു.
