ഇസ്ലാമാബാദ്: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മുയിസു, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ എന്നിവരുമായി നിര്‍ണായക കൂടിക്കാഴ്ചകള്‍ നടത്തി. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലായി 20 സുപ്രധാന കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
അസിം മുനീറുമായുള്ള ചര്‍ച്ചയില്‍ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും സൈനിക തലത്തിലുള്ള സഹകരണവും പ്രധാന വിഷയമായി. സന്ദര്‍ശനത്തിനിടെ, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന സാര്‍ക് (SAARC) ഉച്ചകോടി പുനരുജ്ജീവിപ്പിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. സാര്‍ക് കൂട്ടായ്മ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അടുത്ത ഉച്ചകോടി എത്രയും വേഗം നടത്തുന്നതിന് മാലദ്വീപ് മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2016-ല്‍ ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പിന്മാറിയതോടെയാണ് ഇസ്ലാമാബാദില്‍ നടക്കേണ്ടിയിരുന്ന സാര്‍ക് ഉച്ചകോടി അനിശ്ചിതത്വത്തിലായത്.

പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കുന്ന മാലദ്വീപിന്റെ പുതിയ നിലപാട് ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷയ്ക്ക് വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്. നിലവില്‍ 13 ദശലക്ഷം ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം 200 ദശലക്ഷം ഡോളറായി ഉയര്‍ത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. പാക്കിസ്ഥാനും മാലദ്വീപുമായുള്ള ഈ പ്രതിരോധ-സാമ്പത്തിക സഹകരണ കരാറുകള്‍ ഭാവിയില്‍ മേഖലയിലെ ഭൗമരാഷ്ട്രീയത്തെ എപ്രകാരം ബാധിക്കുമെന്നത് ഇന്ത്യ ഉറ്റുനോക്കുകയാണ്.
