വാഷിങ്ടണ്‍: ഇറാന് നേരെ ഇന്ന് അതിശക്തമായ ആക്രമണം നടത്തുമെന്ന നിലപാട് തിരുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇന്ന് ആക്രമണം നടത്തില്ലെന്ന് ട്രംപ് വ്യക്തമാക്കിയെങ്കിലും, ഇറാനെതിരെ വീണ്ടും സൈനിക നടപടി ആരംഭിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. ‘നമുക്ക് മറ്റൊരു ചെറിയ എപ്പിക് ഫ്യൂറി കൂടി ചെയ്യാം’ എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ് ആരംഭിച്ച സൈനിക നടപടിയുടെ പേരാണ് ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’. യുഎസ് ആവശ്യങ്ങള്‍ അംഗീകരിച്ച് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഇറാന്‍-യുഎസ് സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം തേടി ഖത്തര്‍ ഉന്നതതല സംഘം ഇറാന്റെ തലസ്ഥാനമായ തെഹ്‌റാനിലെത്തി. ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുഎസ് ആരംഭിച്ച യുദ്ധം എട്ട് മാസത്തോട് അടുക്കുകയാണ്. നിലവില്‍ നേരിട്ടുള്ള സൈനിക ആക്രമണം താല്‍ക്കാലികമായി കുറഞ്ഞെങ്കിലും, ശക്തമായ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.

യുഎസുമായും ഇസ്രായേലുമായും വീണ്ടും യുദ്ധമുണ്ടായാലും തങ്ങളുടെ പ്രഖ്യാപിത നയങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. സമീപ ദിവസങ്ങളില്‍ പുതിയ യുദ്ധത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. മുന്‍പ് രണ്ടുതവണ പരീക്ഷിച്ച യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു ഫലവും ഇനിയും യുഎസിന് ലഭിക്കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൂടാതെ, യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുണ്ടാക്കിയ ഇടക്കാല കരാര്‍ തകര്‍ന്നത് യുഎസിന്റെ വീഴ്ച മൂലമാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ കുറ്റപ്പെടുത്തുകയും, ഇരുവിഭാഗവും കരാറിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
