ഹാലിഫാക്സ്: കേയ്പ് ബ്രെറ്റണില്‍ (Cape Breton) സ്ഥാപിക്കാന്‍ ഒരുങ്ങുന്ന വന്‍കിട AI ഡാറ്റാ സെന്റര്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നോവസ്കോഷ ലെജിസ്ലേച്ചര്‍ സമിതി ഇന്ന് അടിയന്തര യോഗം ചേരും. പദ്ധതിക്ക് ആവശ്യമായ അനുമതികളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്ന കാര്യത്തില്‍ നോവസ്കോഷ നാച്ചുറല്‍ റിസോഴ്സസ് ആന്‍ഡ് ഇക്കണോമിക് ഡെവലപ്മെന്റ് കമ്മിറ്റി ഇന്ന് വിഷയത്തില്‍ വിശദമായ വിചാരണ നടത്തും.
അമേരിക്കന്‍ AI കമ്പനിയായ ‘ആന്ത്രോപിക്’ (Anthropic), പോയിന്റ് ടപ്പറില് (Point Tupper) 18,600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സൗകര്യം 20 വര്‍ഷത്തെ ലീസ് കരാറിലൂടെ ഏറ്റെടുത്തതായി പദ്ധതി പങ്കാളികളായ എവര്വിന്ഡ് ഫ്യുവല്‍സ് (EverWind Fuels) ഒക്ടോബര്‍ 16-നാണ് പ്രഖ്യാപിച്ചത്. ആദ്യ ഘട്ടത്തില്‍ മാത്രം 95 മെഗാവാട്ട് വൈദ്യുതിയാണ് ഈ ഡാറ്റാ സെന്ററിന് ആവശ്യമുള്ളത്.

ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന സമിതി യോഗത്തില്‍ എവര്വിന്ഡ് ഫ്യുവല്‍സ് അധികൃതര്‍, റിച്ച്മണ്ട് കൗണ്ടി വാര്ഡന്, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ സാക്ഷികളായി ഹാജരാകും. കൂടാതെ ഊര്‍ജ്ജ വകുപ്പ്, പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നിവയിലെ ഡെപ്യൂട്ടി മന്ത്രിമാരും ഡയറക്ടര്‍മാരും പദ്ധതി വിശദാംശങ്ങള്‍ കമ്മിറ്റിക്ക് മുന്നില്‍ വിശദീകരിക്കും.
അതേസമയം, പ്രീമിയര്‍ ടിം ഹൂസ്റ്റന്റെ (Tim Houston) സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്ക് കൃത്യമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോപിക്കുന്ന പ്രതിപക്ഷം, വന്‍തോതിലുള്ള ജലവിനിയോഗം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്നും സാധാരണക്കാരുടെ വൈദ്യുതി നിരക്ക് വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, പദ്ധതിക്ക് കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഉണ്ടെന്നും സാധാരണക്കാരുടെ വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവുണ്ടാകില്ലെന്നും പ്രീമിയര്‍ ടിം ഹൂസ്റ്റണ്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി.
