ഓട്ടവ: ഓട്ടവ ലോവര്‍ടൗണ്‍ ഏരിയയിലൂടെ വാഹനം ഓടിച്ചവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചക ബോര്‍ഡ് കണ്ട് അല്‍പ്പം ആശയക്കുഴപ്പത്തിലായി. കിങ് എഡ്വേര്‍ഡ് അവന്യൂവിന് സമീപം വെസ്റ്റ്ബൗണ്ട് ‘സെന്റ് പാട്രിക് സ്ട്രീറ്റിലേക്ക്’ (St. Patrick Street) വഴികാട്ടുന്ന ബോര്‍ഡിലാണ് സിറ്റി അധികൃതര്‍ക്ക് വലിയൊരു അക്ഷരത്തെറ്റ് പറ്റിയത്.
സ്ട്രീറ്റിന്റെ പേരില്‍ ‘R’ എന്ന അക്ഷരം വിട്ടുപോയി ‘Rue St. Patick Street’ എന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ഈ അക്ഷരത്തെറ്റ് ശ്രദ്ധയില്‍പ്പെട്ട ഒരു യാത്രക്കാരന്‍ ബോര്‍ഡിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് ‘ഓട്ടവ സിറ്റി ദയവായി ഈ അക്ഷരത്തെറ്റ് തിരുത്തൂ’ എന്ന് കുറിച്ചതോടെ സംഭവം വൈറലായി. ഹോളഡേ ഇന്‍ എക്‌സ്പ്രസിന് പിന്നിലായി സ്ഥാപിച്ചിരുന്ന ഈ ബോര്‍ഡിലെ തെറ്റ് ചൂണ്ടിക്കാട്ടി മാധ്യമങ്ങള്‍ അധികൃതരെ സമീപിച്ചതോടെ, നഗരസഭ അടിയന്തരമായി ഇടപെട്ട് ചൊവ്വാഴ്ച ശരിയായ അക്ഷരവിന്യാസത്തോടെയുള്ള പുതിയ ബോര്‍ഡ് അവിടെ സ്ഥാപിച്ചു.

എന്നാല്‍, ഓട്ടവ സിറ്റിക്ക് ഈ വര്‍ഷം ബോര്‍ഡുകളില്‍ പിഴക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ നഗരസഭയുടെ ‘സ്ട്രീറ്റ് സീറ്റ്‌സ്’ (Street Seats) പ്രോഗ്രാമിന്റെ പ്രചാരണത്തിനായി നഗരത്തില്‍ സ്ഥാപിച്ച ഫ്രഞ്ച് ഭാഷയിലുള്ള പോസ്റ്ററുകളിലും വന്‍ അബദ്ധം സംഭവിച്ചിരുന്നു. ഫ്രഞ്ച് വാക്കായ ‘Publiques’ (പബ്ലിക്) എന്നതിന് പകരം ‘L’ എന്ന അക്ഷരം വിട്ടുപോയതോടെ പോസ്റ്റര്‍ വലിയ രീതിയിലുള്ള പരിഹാസത്തിനും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
നഗരമധ്യത്തിലെ പ്രധാന റോഡ് സൂചകങ്ങളിലും നയരേഖകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം വാചകപ്പിശകുകളില്‍ വലിയ വിമര്‍ശനമാണ് നഗരസഭ നേരിടുന്നത്.
