കോഴിക്കോട്: സമൂഹമാധ്യമത്തിൽ പെൺകുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ കേസിൽ 43-കാരൻ അറസ്റ്റിൽ. കോഴിക്കോട് പയ്യോളി സ്വദേശി വിമൽ കുമാറിനെയാണ് കണ്ണൂർ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 23-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മുഴക്കുന്ന് സ്വദേശിയായ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവ് മത്സരപരീക്ഷയിൽ വിജയിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് സമൂഹമാധ്യമത്തിൽ ചിത്രം പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് വിമൽ കുമാർ അശ്ലീലവും വിദ്വേഷം നിറഞ്ഞതുമായ കമന്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റിലായ വിമൽ കുമാറിനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
