Friday, October 30, 2026

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതപ്പെടുന്ന മുൻ വ്യോമസേനാ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം തഹ്സീഫ് സൗരിയെ ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഷഹീദ് സുഹ്റവർദി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ശരീരത്തിൽ മുറിവുകളോ മറ്റ് പരിക്കുകളോ ഉണ്ടായിരുന്നോയെന്ന ചോദ്യത്തോട് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ മൊബൈൽ ഫോണും വാച്ചും പരിശോധിച്ചാണ് മരിച്ചത് സൗരിയാണെന്ന് സ്ഥിരീകരിച്ചത്.

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പുറത്തുവിട്ടതുമായി സൗരിയുടെ മരണത്തിന് ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സ്വലാഹുദ്ദീൻ അഹമ്മദ് വ്യക്തമായ മറുപടി നൽകിയില്ല. പ്രാഥമിക അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് നിഗമനങ്ങളിലെത്താനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും മറ്റ് അന്വേഷണ വിവരങ്ങളും പുറത്തുവന്ന ശേഷമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

കാണാതാകുന്നതിന്റെ തലേദിവസം സൗരി അമ്മയോടൊപ്പം ഷോപ്പിംഗിനായി ചെലവഴിച്ചിരുന്നു. വൈകുന്നേരം സുഹൃത്തിന്റെ ഫോൺ കോൾ ലഭിച്ചതിനെത്തുടർന്ന് വീട്ടിൽനിന്ന് പുറത്തുപോയ അദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ വിശദീകരണം. സൗരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2024 ഓഗസ്റ്റിലാണ് സൗരിയെ വ്യോമസേനയിൽനിന്ന് പുറത്താക്കിയത്. അതിനുശേഷം രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങൾ പകർത്തിയതാണോ ജോലിയിൽനിന്ന് പുറത്താക്കാൻ കാരണമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അങ്ങനെയായിരിക്കാമെന്നായിരുന്നു അന്ന് സൗരിയുടെ പ്രതികരണം.

എന്നാൽ ചട്ടങ്ങൾ പാലിച്ചുള്ള നിർബന്ധിത വിരമിപ്പിക്കലാണ് നടപടിയെന്നാണ് സൈന്യം വിശദീകരിച്ചിരുന്നത്. സൗരിയുടെ മരണവും ഹസീനയുടെ പലായന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!