Friday, October 30, 2026

കാനഡയില്‍ ട്രേഡ് തൊഴിലാളികള്‍ക്ക് 5,000 ഡോളര്‍ ബോണസ്; അപേക്ഷ പോര്‍ട്ടല്‍ നവംബര്‍ 16ന് ആരംഭിക്കും

ഓട്ടവ: രാജ്യത്തെ സ്‌കില്‍ഡ് ട്രേഡ്‌സ് മേഖലയിലെ തൊഴിലാളികള്‍ക്കും അപ്രന്റീസുകള്‍ക്കുമായി കനേഡിയന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ച 5,000 ഡോളര്‍ റെഡ് സീല്‍ കോംപ്ലിഷന്‍ ബോണസിന് അപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ 2026 നവംബര്‍ 16-ന് ആരംഭിക്കും. എംപ്ലോയ്‌മെന്റ് ആന്‍ഡ് സോഷ്യല്‍ ഡെവലപ്‌മെന്റ് കാനഡയാണ് ഈ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുന്‍പുണ്ടായിരുന്ന 2,000 ഡോളര്‍ അപ്രന്റീസ്ഷിപ്പ് കോംപ്ലിഷന്‍ ഗ്രാന്റിന് പകരമായാണ് കൂടുതല്‍ തുകയുടെ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്തെ നിര്‍മ്മാണം, ഇന്‍ഫ്രാസ്ട്രക്ചര്‍, പ്രതിരോധ പദ്ധതികള്‍ എന്നിവയിലുള്ള കടുത്ത തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനായി അവതരിപ്പിച്ച 8 ബില്യണ്‍ ഡോളറിന്റെ ‘ടീം കാനഡ സ്‌ട്രോംഗ്’ സംരംഭത്തിന്റെ ഭാഗമായാണ് ഈ സാമ്പത്തിക സഹായം നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 80,000 മുതല്‍ 1,00,000 വരെ പുതിയ വിദഗ്ദ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനും പരിശീലനം നല്‍കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

അപേക്ഷകര്‍ കനേഡിയന്‍ പൗരന്മാരോ പെര്‍മനന്റ് റെസിഡന്റുമാരോ അല്ലെങ്കില്‍ പ്രൊട്ടക്റ്റഡ് പേഴ്‌സണ്‍സോ ആയിരിക്കണം. കൂടാതെ, നിലവില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളല്ലാത്തവരും അംഗീകൃത റെഡ് സീല്‍ ട്രേഡില്‍ അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കി 2025 ഏപ്രില്‍ 1-നോ അതിനു ശേഷമോ ജേര്‍ണിപേഴ്‌സണ്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയവരുമായിരിക്കണം. അപ്രന്റീസ്ഷിപ്പ് പൂര്‍ത്തിയാക്കാതെ പരീക്ഷ എഴുതി മാത്രം യോഗ്യത നേടിയവര്‍ക്കും (Challenge pathway), താല്‍ക്കാലിക വിസയിലുള്ളവര്‍ക്കും ഈ പദ്ധതിയില്‍ യോഗ്യതയുണ്ടായിരിക്കില്ല. ഒരാള്‍ ഒന്നിലധികം റെഡ് സീല്‍ ട്രേഡുകളില്‍ യോഗ്യത നേടിയാല്‍ പരമാവധി 50,000 ഡോളര്‍ വരെ ബോണസായി ലഭിക്കും.

2025 ഏപ്രില്‍ 1 നും 2026 നവംബര്‍ 15 നും ഇടയില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ക്ക് 2027 മെയ് 31 വരെ അപേക്ഷിക്കാം. എന്നാല്‍ 2026 നവംബര്‍ 16-ന് ശേഷമാണ് സര്‍ട്ടിഫിക്കേഷന്‍ നേടുന്നതെങ്കില്‍ യോഗ്യത നേടിയ തീയതി മുതല്‍ 12 മാസത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അപേക്ഷ പ്രക്രിയ ആരംഭിച്ചാല്‍ 28 ദിവസത്തിനുള്ളില്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍, അപ്രന്റീസ് ഐഡി, സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍, ഡയറക്ട് ഡിപ്പോസിറ്റിനായുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കണം. ലഭിക്കുന്ന 5,000 ഡോളര്‍ ബോണസ് ഇന്‍കം ടാക്‌സിന് വിധേയമായിരിക്കും എന്ന കാര്യവും അപേക്ഷകര്‍ ഓര്‍ക്കേണ്ടതുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!