മണ്‍ട്രിയോള്‍: കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ അധ്യക്ഷതയില്‍ യൂറോപ്യന്‍ യൂണിയന് (EU) നേതാക്കളുമായി മണ്‍ട്രിയോളില്‍ നടന്ന രണ്ടുദിവസത്തെ ഉച്ചകോടി ഡിജിറ്റല്‍ വ്യാപാരം, ശാസ്ത്ര ഗവേഷണ പങ്കാളിത്തം, സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ കൈമാറ്റം എന്നിവയിലെ പുതിയ പ്രഖ്യാപനങ്ങളോടെ സമാപിച്ചു. വ്യാഴാഴ്ച ആരംഭിച്ച ഉച്ചകോടിയില്‍ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ പങ്കെടുത്തു.
യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇ.യുമായി അടുപ്പമുള്ള രാജ്യമായി കാനഡയെ മാറ്റുകയാണ് ഈ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ വ്യാപാര കരാറും, ശാസ്ത്ര-സാങ്കേതിക സഹകരണവും, കാനഡയ്ക്കും യൂറോപ്പിനുമിടയില്‍ മെച്ചപ്പെട്ട തൊഴില്‍, വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളും വേഗത്തിലാക്കാന്‍ ധാരണയായി.

സിനിമാ നിര്‍മ്മാണം അടക്കമുള്ള സാംസ്കാരിക-വിനോദ മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് കനേഡിയന്‍ കള്‍ച്ചര്‍ മിനിസ്റ്റര്‍ മാര്‍ക്ക് മില്ലറും ഇ.യു അധികൃതരും ചര്‍ച്ച നടത്തി. വന്‍കിട ഡിജിറ്റല്‍ സ്ട്രീമിംഗ് കമ്പനികളെ നിയന്ത്രിക്കുന്നതിനും, പ്രാദേശിക സംസ്കാരത്തെയും കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയെയും സംരക്ഷിക്കുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ‘വൈക്കിംഗ്സ്’ സീരീസ് പോലെ കാനഡയും യൂറോപ്യന്‍ രാജ്യങ്ങളും ചേര്‍ന്ന് കൂടുതല്‍ കോ-പ്രൊഡക്ഷനുകള്‍ നിര്‍മ്മിക്കുന്നതിനും, ‘വിന്നെവ്: ദി റൈസ് ഓഫ് എ ലെജന്‍ഡ്’ എന്ന കനേഡിയന്‍ ഡോക്യുമെന്ററിക്ക് യൂറോപ്പില്‍ തിയേറ്റര്‍ റിലീസ് ഉറപ്പാക്കുന്നതിനും ചര്‍ച്ചകള്‍ നടന്നു.
അതേസമയം, കാനഡയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ പതിറ്റാണ്ട് മുമ്പ് ഒപ്പുവെച്ച സമഗ്ര വ്യാപാര കരാര്‍ (CETA) ഇ.യുവിലെ 28 രാജ്യങ്ങളില്‍ 9 എണ്ണം ഇതുവരെ പൂര്‍ണ്ണമായി അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഉച്ചകോടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
