മണ്‍ട്രിയോള്‍: മണ്‍ട്രിയോളില്‍ നടന്ന കാനഡ-യൂറോപ്യന്‍ യൂണിയന് (EU) ഉച്ചകോടി ഒഴിവാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടെ, പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള ക്ഷണം സ്വീകരിച്ച് കെബെക് പ്രീമിയര്‍ പോള്‍ സെന്റ്-പിയര്‍ പ്ലാമോണ്ഡന്. കംബോഡിയയില്‍ നടക്കുന്ന ഫ്രാങ്കോഫോണി (Francophonie) ഉച്ചകോടിക്ക് മുന്നോടിയായി ഈ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം.
എന്നാല്‍, ഒന്റാരിയോ കേന്ദ്രീകരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് പകരം, കെബെക്കിന്റെ നിയമങ്ങളും ‘നാഷണല്‍ ക്യാപിറ്റല്‍ കമ്മീഷന് ആക്റ്റും’ പാലിച്ചുകൊണ്ട് കൂടിക്കാഴ്ച കെബെക് സിറ്റിയില്‍ (Quebec City) തന്നെ നടത്തണമെന്ന് പ്രീമിയര്‍ ശക്തമായി ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളില്‍ മണ്‍ട്രിയോളില്‍ നടന്ന കാനഡ-ഇയു ഉച്ചകോടിയില്‍ കെബെക്കിന്റെ സാമ്പത്തിക-രാഷ്ട്രീയ താല്‍പ്പര്യങ്ങളെ പ്രതിനിധീകരിക്കാനും സംസാരിക്കാനും ഔദ്യോഗിക അവസരം നല്‍കിയിരുന്നില്ല. കെബെക്കിനെ കേവലം ഒരു കാഴ്ചക്കാരന്റെ സ്ഥാനത്തേക്ക് തള്ളിയിട്ടതില്‍ പ്രതിഷേധിച്ചാണ് പ്രീമിയര്‍ ഉച്ചകോടി ബഹിഷ്കരിച്ചത്. യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ക്കൊപ്പമുള്ള ഔദ്യോഗിക അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ അവസരം നല്‍കിയിരുന്നെങ്കിലും, സംസാരിക്കാന്‍ അനുമതിയില്ലാതെ കാഴ്ചക്കാരനായി ഇരിക്കാന്‍ സൗകര്യം നല്‍കിയത് അംഗീകരിക്കാനാകില്ലെന്ന് പ്ലാമോണ്ഡന് പ്രതികരിച്ചു.
സ്വന്തം മണ്ണില്‍ നടക്കുന്നതും പ്രവിശ്യയുടെ താത്പര്യങ്ങളെ നേരിട്ട് ബാധിക്കുന്നതുമായ ചര്‍ച്ചകളില്‍ നിന്ന് കെബെക്കിനെ മാറ്റിനിര്‍ത്തുന്നത് ജനാധിപത്യ തത്വങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രീമിയര്‍ക്ക് പകരം കെബെക്കിന്റെ ചീഫ് നെഗോഷ്യേറ്റര്‍ പാസ്കല്‍ പാരഡിസാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
ഫ്രാങ്കോഫോണി ഉച്ചകോടിക്കായി കംബോഡിയയിലേക്ക് തിരിക്കുന്നതിന് മുമ്പ് നടക്കുന്ന കൂടിക്കാഴ്ചയില്‍ കെബെക്കിന്റെ നിലപാടുകള്‍ വ്യക്തമാക്കുമെന്നും പ്രീമിയര്‍ വ്യക്തമാക്കി.
