Monday, November 2, 2026

കാനഡയിലെ ട്രക്കിങ് മേഖലയിൽ സുരക്ഷാ ആശങ്കകൾ വർധിക്കുന്നു; പരിശീലനത്തിലും നിയമപാലനത്തിലും ഗുരുതര വീഴ്ചകളെന്ന് റിപ്പോർട്ട്

ഒട്ടാവ: കാനഡയിലെ ട്രക്കിങ് വ്യവസായം വലിയ പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. ഡ്രൈവർമാർക്ക് മതിയായ പരിശീലനം ലഭിക്കാത്തത്, വാഹനങ്ങളുടെ അറ്റകുറ്റപ്പണികളിലെ വീഴ്ചകൾ, തൊഴിൽ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾ, ദുർബലമായ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ മേഖലയിൽ ആശങ്ക വർധിപ്പിക്കുന്നു. ചില കമ്പനികൾ ചെലവ് കുറയ്ക്കുന്നതിനായി സുരക്ഷാ മാനദണ്ഡങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ദി കനേഡിയൻ പ്രസ് നടത്തിയ അന്വേഷണത്തിലാണ് ട്രക്കിങ് മേഖലയിലെ പ്രശ്നങ്ങൾ വിശദമായി പുറത്തുവന്നത്. സുരക്ഷിതമായ വാഹനങ്ങളിലും പരിശീലനം ലഭിച്ച ഡ്രൈവർമാരിലും നിക്ഷേപം നടത്തുന്ന കമ്പനികളും നിയമങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന കമ്പനികളും തമ്മിൽ വ്യവസായം രണ്ടായി വിഭജിക്കപ്പെടുകയാണെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ.

നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ മത്സരം ശക്തമായി

1980-കളിൽ അമേരിക്കയിൽ ട്രക്കിങ് മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് പിന്നാലെ 1987-ൽ കാനഡയും സമാനമായ പരിഷ്കാരങ്ങൾ നടപ്പാക്കി. ട്രക്കിങ് കമ്പനികൾ ആരംഭിക്കുന്നതിനും ചരക്കുനീക്കം നടത്തുന്നതിനുമുള്ള നിയന്ത്രണങ്ങൾ കുറച്ചതോടെ മേഖലയിൽ മത്സരം ശക്തമായി.

ഇതോടെ കുറഞ്ഞ നിരക്കിൽ സേവനം നൽകാനുള്ള മത്സരം വർധിക്കുകയും പഴയകാലത്ത് ഡ്രൈവർ പരിശീലനത്തിലും വാഹനങ്ങളുടെ പരിപാലനത്തിലും കൂടുതൽ നിക്ഷേപം നടത്തിയിരുന്ന ചില കമ്പനികൾക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതായി തൊഴിലാളി സംഘടനാ പ്രതിനിധികൾ പറയുന്നു. വേതനവും തൊഴിൽ സാഹചര്യങ്ങളും ക്രമേണ മോശമായെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

പുതിയ കുടിയേറ്റക്കാർക്കും വിദേശ തൊഴിലാളികൾക്കും വെല്ലുവിളികൾ

ട്രക്കിങ് മേഖലയിൽ ജോലി ചെയ്യാനുള്ള താൽപര്യം യുവാക്കൾക്കിടയിൽ കുറയുന്നതായും കുറഞ്ഞ വേതനം, ദീർഘനേരത്തെ ജോലി, കുടുംബത്തിൽനിന്ന് അകന്ന് കഴിയേണ്ട സാഹചര്യം എന്നിവ ഇതിന് കാരണമാകുന്നതായും വ്യവസായ പ്രതിനിധികൾ പറയുന്നു.

ഇതോടെ ചില കമ്പനികൾ താൽക്കാലിക വിദേശ തൊഴിലാളികളെ കൂടുതലായി ആശ്രയിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെഡറൽ താൽക്കാലിക വിദേശ തൊഴിലാളി പദ്ധതിയിലൂടെ ട്രക്ക് ഡ്രൈവർ തസ്തികകളിലേക്ക് അനുവദിച്ച ജോലികളുടെ എണ്ണം 2018-ലെ 1,584-ൽ നിന്ന് 2024-ൽ 8,101 ആയി ഉയർന്നു. അഞ്ചിരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. എന്നാൽ 2025-ൽ ഈ കണക്ക് കുറഞ്ഞു.

പുതിയ കുടിയേറ്റക്കാരെയും താൽക്കാലിക വിദേശ തൊഴിലാളികളെയും ചില കമ്പനികൾ കുറഞ്ഞ വേതനത്തിലും മോശം തൊഴിൽ സാഹചര്യങ്ങളിലും ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും പ്രതികരിച്ചാൽ ജോലി നഷ്ടപ്പെടുമെന്ന ഭയവും ഇവരെ കൂടുതൽ ദുർബലരാക്കുന്നതായും സംഘടനകൾ പറയുന്നു.

‘ഡ്രൈവർ ഇൻക്’ രീതിയും തൊഴിൽ നിയമലംഘനങ്ങളും

ട്രക്കിങ് മേഖലയിലെ മറ്റൊരു പ്രധാന ആശങ്കയാണ് ‘ഡ്രൈവർ ഇൻക്’ എന്നറിയപ്പെടുന്ന തൊഴിൽ മാതൃക. ചില കമ്പനികൾ ഡ്രൈവർമാരെ സ്ഥിരം ജീവനക്കാരായി പരിഗണിക്കുന്നതിനുപകരം സ്വതന്ത്ര കരാറുകാരായി (Independent Contractors) രേഖപ്പെടുത്തുന്നു.

ഇതിലൂടെ തൊഴിലുടമകൾ നൽകേണ്ട ചില പേറോൾ സംഭാവനകളും ആനുകൂല്യങ്ങളും ഒഴിവാക്കാൻ കമ്പനികൾക്ക് കഴിയുന്നു. യഥാർഥത്തിൽ ജീവനക്കാരായ വ്യക്തികളെ നിയമപരമായ ബാധ്യതകൾ ഒഴിവാക്കുന്നതിനായി കരാറുകാരായി തെറ്റായി തരംതിരിക്കുന്നത് ഫെഡറൽ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണ്.

ഇത്തരം രീതികൾ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന കമ്പനികളെ മത്സരത്തിൽ പിന്നിലാക്കുന്നതായും തൊഴിലാളികൾക്ക് ശമ്പളമില്ലാത്ത ജോലിസമയം, ആനുകൂല്യങ്ങളുടെ അഭാവം, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ജോലി ചെയ്യാനുള്ള സമ്മർദം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

ഡ്രൈവർ പരിശീലനത്തിൽ ഗുരുതര വീഴ്ചകൾ

ഒന്റാരിയോയിലെ ഓഡിറ്റർ ജനറൽ മേയിൽ പുറത്തുവിട്ട റിപ്പോർട്ടിലും ട്രക്ക് ഡ്രൈവർ പരിശീലനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആറ് സ്വകാര്യ ട്രക്ക് ഡ്രൈവിങ് പരിശീലന സ്ഥാപനങ്ങളിൽ രഹസ്യമായി വിദ്യാർഥികളെ അയച്ച് നടത്തിയ പരിശോധനയിൽ രണ്ടിടത്ത് ആവശ്യമായ പരിശീലന സമയം പോലും നൽകിയിരുന്നില്ലെന്ന് കണ്ടെത്തി.

പുതിയ ട്രക്ക് ഡ്രൈവർമാർക്ക് കുറഞ്ഞത് 103.5 മണിക്കൂർ പരിശീലനം നൽകണമെന്നാണ് നിലവിലെ മാനദണ്ഡം. എന്നാൽ രണ്ട് സ്ഥാപനങ്ങളിൽ യഥാക്രമം 59.5 മണിക്കൂറും 81 മണിക്കൂറും മാത്രമാണ് പരിശീലനം നൽകിയതെന്ന് പരിശോധനയിൽ കണ്ടെത്തി.

പ്രധാന കവലകളിൽ ഇടത്തോട്ട് തിരിയൽ, റിവേഴ്‌സ് പാർക്കിങ്, അടിയന്തര സാഹചര്യങ്ങളിൽ വാഹനം നിർത്തൽ തുടങ്ങിയ നിർണായക ഡ്രൈവിങ് അഭ്യാസങ്ങൾ പോലും ചില വിദ്യാർഥികൾക്ക് പഠിപ്പിച്ചിരുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇതിനുപുറമേ, കിങ്സ്റ്റണിലും ടൊറന്റോ മേഖലയിലും വാണിജ്യ ഡ്രൈവിങ് പരീക്ഷകളിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ജനുവരിയിൽ എട്ട് പേർക്കെതിരെ 24 ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിരുന്നു. റോഡ് ടെസ്റ്റുകളിൽ അനുകൂല ഫലം ലഭിക്കുന്നതിനായി കൈക്കൂലി നൽകിയെന്ന ആരോപണവും അന്വേഷണത്തിലുണ്ട്.

പരിശീലനത്തോടൊപ്പം പരിശോധനയും ശക്തമാക്കണം

പരിശീലന മാനദണ്ഡങ്ങൾ നിലവിലുണ്ടെങ്കിലും അവ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴകൾ ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ തടയാൻ പര്യാപ്തമല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.

പ്രശ്നങ്ങൾ പരിഹരിക്കാൻ ഡ്രൈവർ പരിശീലനം മെച്ചപ്പെടുത്തുക, നിയമങ്ങൾ കർശനമായി നടപ്പാക്കുക, സുരക്ഷിതമായ വാഹനപരിപാലനം ഉറപ്പാക്കുക, ട്രക്ക് ഡ്രൈവിങിനെ നൈപുണ്യം ആവശ്യമായ തൊഴിൽ മേഖലയായി അംഗീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.

ഇതിനകം തന്നെ വിവിധ പ്രവിശ്യകൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഒന്റാരിയോ എൻട്രി ലെവൽ ട്രക്ക് ഡ്രൈവർമാർക്കായി ഏകീകൃത പരിശീലന പാഠ്യപദ്ധതി കൊണ്ടുവരാനുള്ള പദ്ധതി പ്രഖ്യാപിച്ചു. ക്യൂബെക്ക് പുതിയ ട്രക്ക് ഡ്രൈവർമാർക്ക് നിർബന്ധിത പരിശീലനം ഏർപ്പെടുത്തിയിട്ടുണ്ട്. ആൽബർട്ടയിൽ പ്രവിശ്യയ്ക്ക് പുറത്തേക്ക് വാഹനം ഓടിക്കുന്നതിന് മുമ്പ് കൂടുതൽ പരിശീലനം ആവശ്യമായ അപ്രന്റീസ്ഷിപ്പ് മാതൃകയിലുള്ള ലൈസൻസിങ് സംവിധാനവും നടപ്പാക്കി.

നിയമങ്ങൾ കൂടുതൽ കൊണ്ടുവരുന്നതിനേക്കാൾ നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതാണ് പ്രധാനമെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. പൊതുജനങ്ങളുടെ സുരക്ഷയും ഡ്രൈവർമാരുടെ തൊഴിൽ അവകാശങ്ങളും ഉറപ്പാക്കാൻ ട്രക്കിങ് കമ്പനികളുടെ ഉത്തരവാദിത്തം വർധിപ്പിക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!