ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയുള്ള കൂറ്റൻ ബിൽബോർഡുകളും ബാനറുകളും ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ സ്ഥാപിച്ചു. തലകുനിച്ച് അഴിക്കുള്ളിൽ നിൽക്കുന്ന ട്രംപിന്റെ ചിത്രത്തോടൊപ്പം ‘ഞങ്ങൾ ട്രംപിനെ വധിക്കും’ എന്ന മുന്നറിയിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെഹ്റാനിലെ തിരക്കേറിയ എങ്കെലാബ് സ്ക്വയറിലാണ് വിവാദ ബിൽബോർഡ് സ്ഥാപിച്ചിരിക്കുന്നത്. മറ്റൊരു ബിൽബോർഡിൽ ട്രംപ്, യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ രക്തം പുരണ്ട മുഖത്തോടെയും മുഷിഞ്ഞ വസ്ത്രങ്ങളോടെയും ചിത്രീകരിച്ചിട്ടുണ്ട്. കീറിയ യുഎസ്, ഇസ്രയേൽ പതാകകളാണ് ചിത്രത്തിന്റെ പശ്ചാത്തലം.

ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ വധത്തിന് പ്രതികാരം ചെയ്യണമെന്ന ആവശ്യവുമായി നിരവധി പേരാണ് എങ്കെലാബ് സ്ക്വയറിൽ ഒത്തുകൂടിയത്. ചുവന്ന പതാകകൾ വീശിയും ‘രക്തച്ചൊരിച്ചിലുണ്ടാകും’ എന്നെഴുതിയ ബാനറുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.
യുദ്ധം ആരംഭിച്ചതിനുശേഷം ട്രംപിനെ പരിഹസിച്ചും അമേരിക്കയ്ക്കെതിരെ പ്രതികാര മുന്നറിയിപ്പുകൾ നൽകിയും ഇറാനിൽ ഇത്തരം ബിൽബോർഡുകളും പ്രചാരണ ബാനറുകളും വ്യാപകമായി പ്രത്യക്ഷപ്പെടുന്നുണ്ട്. യുദ്ധത്തിൽ അമേരിക്കയ്ക്കെതിരെ വിജയം നേടിയെന്ന അവകാശവാദങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
ഇറാനിലെ പരസ്യപ്രചാരണങ്ങളിലൂടെ അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരായ രാഷ്ട്രീയ നിലപാടും പ്രതികാര വികാരവും പരസ്യമായി പ്രകടിപ്പിക്കുകയാണ് അധികൃതർ.
