Wednesday, November 4, 2026

അമേരിക്കയിൽ മൂന്ന് മലയാളികൾക്ക് തകർപ്പൻ വിജയം; അഭിമാനമായി സുരേന്ദ്രൻ പട്ടേലും ജൂലി മാത്യുവും മാർട്ടിൻ ജോണും

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടിയിൽ മൂന്ന് മലയാളികൾക്ക് വിജയം. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായി മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ, ജൂലി എ. മാത്യു, കക്ഷിരഹിത സ്ഥാനാർഥിയായി മത്സരിച്ച മാർട്ടിൻ ജോൺ എന്നിവരാണ് വിജയിച്ചത്. അമേരിക്കൻ നീതിന്യായ, പ്രാദേശിക ഭരണരംഗങ്ങളിൽ മലയാളി സാന്നിധ്യം അടയാളപ്പെടുത്തുന്ന നേട്ടമാണിത്.

സുരേന്ദ്രൻ പട്ടേലിന് 60.23 ശതമാനം വോട്ട്

ടെക്സസിലെ 240-ാം ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച സുരേന്ദ്രൻ കെ. പട്ടേൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തി. റിപ്പോർട്ട് പ്രകാരം 1,82,760 വോട്ടുകളിൽ 1,10,078 വോട്ടുകളാണ് പട്ടേൽ നേടിയത്. 60.23 ശതമാനം വോട്ടുമായി 37,396 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം.

ജൂലി മാത്യുവിനും ജഡ്ജി സ്ഥാനത്ത് വിജയം

ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് അറ്റ് ലോ നമ്പർ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജൂലി എ. മാത്യുവും വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിയ ജൂലിക്ക് 1,10,891 വോട്ടുകൾ ലഭിച്ചു. 60.66 ശതമാനം വോട്ടോടെ 38,966 വോട്ടിന്റെ ഭൂരിപക്ഷമാണ് അവർ നേടിയത്.

കക്ഷിരഹിത മത്സരത്തിൽ മാർട്ടിൻ ജോണിന് വിജയം

ഫോർട്ട് ബെൻഡ് സെൻട്രൽ അപ്രൈസൽ ഡിസ്ട്രിക്റ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്കുള്ള കക്ഷിരഹിത തിരഞ്ഞെടുപ്പിലാണ് മാർട്ടിൻ ജോൺ വിജയിച്ചത്. 79,376 വോട്ടുകൾ, അതായത് 57.14 ശതമാനം, നേടിയാണ് അദ്ദേഹം വിജയിച്ചത്. എതിരാളിയായ ഷൈസാദ് ‘സാം’ ചത്രിവാലയ്ക്ക് 59,531 വോട്ടുകൾ ലഭിച്ചു. 19,845 വോട്ടിന്റെ ഭൂരിപക്ഷമാണ് മാർട്ടിൻ ജോണിന് ലഭിച്ചത്. പാലാ സെന്റ് തോമസ് കോളജ് യൂണിയൻ മുൻ ചെയർമാനാണ് അദ്ദേഹം.

മൂന്ന് വ്യത്യസ്ത മേഖലകളിൽ മത്സരിച്ച് വിജയിച്ച മലയാളികളുടെ നേട്ടം ടെക്സസിലെ മലയാളി സമൂഹത്തിനും പ്രവാസി മലയാളികൾക്കും അഭിമാനമായി. അമേരിക്കൻ പ്രാദേശിക ഭരണസംവിധാനങ്ങളിലും നീതിന്യായ മേഖലയിലും മലയാളികളുടെ പങ്കാളിത്തം വർധിക്കുന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായാണ് ഈ വിജയങ്ങൾ വിലയിരുത്തപ്പെടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!