ടൊറന്റോ: ഒന്റാരിയോയിൽ ഇൻഫ്ലുവൻസ (ഫ്ലൂ) ബാധിതരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം പതിവിലും നേരത്തേ ഫ്ലൂ സീസൺ ആരംഭിച്ചതോടെ രോഗവ്യാപനത്തിൽ വർധന രേഖപ്പെടുത്തി. അതേസമയം, നിലവിൽ വിതരണം ചെയ്യുന്ന ഫ്ലൂ വാക്സിൻ പ്രചരിക്കുന്ന വൈറസ് വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന വിലയിരുത്തൽ ആരോഗ്യവിദഗ്ധർക്ക് ആശ്വാസമാകുന്നു.
ഒക്ടോബർ 18 മുതൽ 24 വരെയുള്ള കണക്കുകൾ പ്രകാരം ഒന്റാരിയോയിൽ 360 പുതിയ ഫ്ലൂ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ 305 കേസുകളും അതിന് മുമ്പുള്ള ആഴ്ചയിൽ 225 കേസുകളുമായിരുന്നു സ്ഥിരീകരിച്ചത്. തുടർച്ചയായ ആഴ്ചകളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
നിലവിലെ വാക്സിൻ ഫലപ്രദം
പ്രചാരത്തിലുള്ള ഫ്ലൂ വൈറസ് വകഭേദങ്ങൾക്കെതിരെ നിലവിലെ വാക്സിൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കാനഡയിലെ നാഷണൽ മൈക്രോബയോളജി ലബോറട്ടറിയുടെ പരിശോധനകൾ സൂചിപ്പിക്കുന്നത്. പ്രാഥമികമായി പരിശോധിച്ച 116 സാമ്പിളുകളിൽ നിന്നാണ് ഈ വിലയിരുത്തൽ.
വാക്സിനേഷൻ വ്യാപകമാക്കി
ഫ്ലൂ വ്യാപനം കണക്കിലെടുത്ത് സെപ്റ്റംബർ അവസാനത്തോടെ പ്രത്യേക വിഭാഗങ്ങൾക്കായി സൗജന്യ വാക്സിനേഷൻ ആരംഭിച്ചിരുന്നു. ആറ് മാസത്തിൽ കൂടുതൽ പ്രായമുള്ള എല്ലാവർക്കും ഫാർമസികൾ വഴിയും ആരോഗ്യ പ്രവർത്തകർ വഴിയും സൗജന്യമായി ഫ്ലൂ, കൊവിഡ്-19 വാക്സിനുകൾ ലഭ്യമാണെന്ന് ടൊറന്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു.

ഇതിന്റെ ഭാഗമായി നവംബർ 5ന് നോർത്ത് യോർക്ക് സിവിക് സെന്ററിൽ പ്രത്യേക വാക്സിനേഷൻ ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. ആറ് മാസം പ്രായമുള്ള കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഇവിടെ വാക്സിനുകൾ സ്വീകരിക്കാം. ഫ്ലൂ, കൊവിഡ്-19 എന്നിവയ്ക്ക് പുറമേ ആർ.എസ്.വി വാക്സിനും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
കൊവിഡ് കേസുകളും നിരീക്ഷണത്തിൽ
ഫ്ലൂ കേസുകൾക്കൊപ്പം കൊവിഡ്-19 വ്യാപനവും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബർ 24ന് അവസാനിച്ച ആഴ്ചയിൽ ഒന്റാരിയോയിൽ ലബോറട്ടറി പരിശോധനയിലൂടെ 258 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.
കൊവിഡ് വാക്സിനുകളും ഗുരുതരമായ രോഗബാധയ്ക്കും സങ്കീർണതകൾക്കും എതിരായ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു.
ഫ്ലൂ സീസൺ നേരത്തേ ആരംഭിക്കുകയും രോഗബാധിതരുടെ എണ്ണം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വാക്സിനേഷൻ സ്വീകരിക്കാനും ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദേശിച്ചു.
