Thursday, November 5, 2026

കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ നിയമനം: വിശദീകരണം തേടി ഉന്നത വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയിലെ പ്രോ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോ. റഷീദ് അഹമ്മദിനെ പ്രോ വൈസ് ചാൻസലറായി നിയമിച്ചതിലാണ് വകുപ്പിന്റെ ഇടപെടൽ. നിയമനത്തിനെതിരെ മുസ്ലിം ലീഗ് എതിർപ്പ് ഉന്നയിച്ചതിന് പിന്നാലെയാണ് സർവകലാശാലയ്ക്ക് വിശദീകരണം തേടി കത്തയച്ചത്.

റഷീദ് അഹമ്മദ് നേരത്തെ പ്രൊഫസറായി ജോലി ചെയ്തിരുന്ന കരുവാരക്കുണ്ട് കെ.ടി.എം കോളജിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ മുൻകൂർ അനുമതിയില്ലാതെ എങ്ങനെയാണ് നിയമനം നടത്തിയതെന്നാണ് സർവകലാശാലയോടുള്ള പ്രധാന ചോദ്യം.

കെ.ടി.എം കോളജിൽനിന്ന് റഷീദ് അഹമ്മദിന് എന്ത് അടിസ്ഥാനത്തിലാണ് വിടുതൽ നൽകിയതെന്നും വകുപ്പ് ആരാഞ്ഞിട്ടുണ്ട്. നിയമനത്തിലേക്ക് നയിച്ച സാഹചര്യം, സ്വീകരിച്ച നടപടികൾ, ഡെപ്യൂട്ടേഷൻ അനുവദിച്ചതിന്റെ അടിസ്ഥാനങ്ങൾ എന്നിവ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് റഷീദ് അഹമ്മദിനെ കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലറായി നിയമിച്ചത്.

സർവകലാശാല വൈസ് ചാൻസലർ വ്യക്തിതാൽപര്യത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് മുസ്ലിം ലീഗിന്റെ ആരോപണം. റഷീദ് അഹമ്മദ് മുസ്ലിം ലീഗ് നേതാവാണ്. എന്നാൽ പാർട്ടിയുടെ നോമിനിയായി പരിഗണിക്കപ്പെട്ടിരുന്നത് സർവകലാശാലയിലെ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈനായിരുന്നുവെന്നാണ് ലീഗിന്റെ നിലപാട്.

ഈ നിർദേശം മറികടന്നാണ് റഷീദ് അഹമ്മദിനെ നിയമിച്ചതെന്നും മുസ്ലിം ലീഗ് ആരോപിക്കുന്നു. നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം തേടൽ. സർവകലാശാലയുടെയും കെ.ടി.എം കോളജിന്റെയും വിശദീകരണം ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് വകുപ്പിന്റെ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!