വാട്ടര്‍ലൂ: അപ്ടൗണില്‍ നിന്ന് ദശാബ്ദങ്ങള്‍ പഴക്കമുള്ള പ്രശസ്ത പൊതു ശില്‍പം മോഷ്ണം പോയതായി വാട്ടര്‍ലൂ റീജിയണല്‍ പോലീസ് അറിയിച്ചു. പ്രാദേശിക കലാകാരിയായ ആല്‍ഫാ അന്ന റോബര്‍ട്ട്‌സ് നിര്‍മ്മിച്ച ‘ട്രയാഡ്: ഡ്യുവല്‍, ഇന്റര്‍ഫേസ് ആന്‍ഡ് റീയൂണൈറ്റഡ്’ (Triad: Dual, Interface and Reunited) എന്ന വെങ്കല ശില്‍പമാണ് കാണാതായിരിക്കുന്നത്. ഇതിന് ഏകദേശം 175 ബില്യണ്‍ ഡോളര്‍ (ഏകദേശം 1.07 കോടിയിലധികം രൂപ) വിലമതിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
1981ല്‍ വാട്ടര്‍ലൂ നഗരസഭ നിര്‍മ്മിച്ച് സ്ഥാപിച്ച ആദ്യത്തെ പബ്ലിക് ആര്‍ട്ട് പീസായിരുന്നു ഇത്. യുദ്ധത്തിന്റെ ഭീകരതകള്‍ക്ക് നടുവിലും പ്രത്യാശയും വീണ്ടെടുപ്പും പ്രമേയമാക്കിയാണ് അന്ന റോബര്‍ട്ട്‌സ് ഈ ശില്‍പം രൂപകല്‍പ്പന ചെയ്തത്. ഒക്ടോബര്‍ 29-ന് സിറ്റി ജീവനക്കാരാണ് 60 കിംഗ് സ്ട്രീറ്റ് സൗത്തിലെ പാര്‍ക്കിംഗ് ഏരിയയ്ക്ക് സമീപത്ത് സ്ഥാപിച്ചിരുന്ന ശില്‍പം കാണാനില്ലെന്ന വിവരം പോലീസിനെ അറിയിച്ചത്. ശില്‍പം എപ്പോഴാണ് മോഷണം പോയതെന്ന് വ്യക്തമല്ല.

പൊതുശില്‍പങ്ങള്‍ മുഴുവന്‍ സമൂഹത്തിനുമുള്ളതാണെന്നും, ഇത്തരമൊരു മോഷണം ഏറെ നിരാശാജനകമാണെന്നും സിറ്റി സംസ്‌കാര വിഭാഗം സ്‌പെഷ്യലിസ്റ്റ് സോണിയ പൊവെസ്‌ക പറഞ്ഞു. കുടുംബത്തിനും നഗരവാസികള്‍ക്കും ഏറെ പ്രിയപ്പെട്ട ഈ കലാസൃഷ്ടി ഉടന്‍ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്ന റോബര്‍ട്ട്‌സിന്റെ കുടുംബം. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരങ്ങള്‍ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
