വൻകൂവർ: കനത്ത കാറ്റിനെത്തുടർന്ന് മരങ്ങൾ കടപുഴകി വീണതോടെ ബ്രിട്ടീഷ് കൊളംബിയയിലെ പ്രിൻസ് ജോർജിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഏകദേശം 23,000 ഉപഭോക്താക്കൾക്ക് നിലവിൽ വൈദ്യുതിയില്ല. റോഡുകളും താൽക്കാലികമായി അടച്ചു.
വെള്ളിയാഴ്ച രാത്രി ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗതയിൽ കാറ്റ് വീശിയതാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്. പ്രിൻസ് ജോർജ് ഉൾപ്പെടെയുള്ള സെൻട്രൽ ഇന്റീരിയർ മേഖലയിൽ മരങ്ങൾ വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും വൈദ്യുതി ലൈനുകളിലേക്കും വീണു. ചിലയിടങ്ങളിൽ ട്രാഫിക് സിഗ്നലുകൾ പോലും നിലംപതിച്ചതായി റിപ്പോർട്ടുകളുണ്ട്.
100 മൈൽ ഹൗസ്, വില്യംസ് ലേക്ക്, ക്യുസ്നൽ, വാൻഡർഹൂഫ് തുടങ്ങിയ പ്രദേശങ്ങളിലുൾപ്പെടെയാണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.
വൈദ്യുതി ലൈനുകൾ തകർന്നതിനെത്തുടർന്ന് ചിലയിടങ്ങളിൽ ചെറിയ തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തു. ഗ്രാമീണ മേഖലകളിലെ സന്നദ്ധ പ്രവർത്തകരും അഗ്നിശമന സേനാംഗങ്ങളും അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തി. ശക്തമായ കാറ്റും പ്രതികൂല കാലാവസ്ഥയും വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലികൾ കൂടുതൽ ദുഷ്കരമാക്കുന്നുണ്ട്.

വീണുകിടക്കുന്ന വൈദ്യുതി ലൈനുകൾക്ക് സമീപത്തേക്ക് പോകരുതെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. താഴ്ന്നുകിടക്കുന്നതോ പൊട്ടിവീണതോ ആയ വൈദ്യുതി ലൈനുകളെല്ലാം വൈദ്യുതിയുള്ളവയാണെന്ന് കരുതി സുരക്ഷിത അകലം പാലിക്കണമെന്ന് ബിസി ഹൈഡ്രോ നിർദേശിച്ചു. ഇത്തരം ലൈനുകളിൽ നിന്ന് കുറഞ്ഞത് 10 മീറ്റർ അകലം പാലിക്കണമെന്നും അപകടങ്ങൾ 911-ൽ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കനേഡിയൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം രാത്രി എട്ടിനും പതിനൊന്നിനുമിടയിൽ ചില പ്രദേശങ്ങളിൽ മണിക്കൂറിൽ 94 മുതൽ 102 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി. മണിക്കൂറിൽ 41 മുതൽ 61 കിലോമീറ്റർ വരെയായിരുന്നു സ്ഥിരമായ കാറ്റിന്റെ വേഗത.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും തകർന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കാനും ബിസി ഹൈഡ്രോയുടെ നേതൃത്വത്തിൽ ജീവനക്കാർ പ്രവർത്തിച്ചുവരികയാണ്. പ്രതികൂല കാലാവസ്ഥ കാരണം വൈദ്യുതി പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.
