ഡൽഹി: ദീപാവലി ആഘോഷത്തിനിടെ ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായി. പടക്കം പൊട്ടിച്ചതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത പുകമഞ്ഞ് വ്യാപിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും പല മേഖലകളിലും വ്യാപകമായി പടക്കം പൊട്ടിച്ചതോടെ വായുവിന്റെ ഗുണനിലവാരം മോശമായി. ഡൽഹിയിലെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക (AQI) 400ന് മുകളിലെത്തി.
നഗരത്തിലെ 59 വായു ഗുണനിലവാര നിരീക്ഷണ കേന്ദ്രങ്ങളിൽ 18 ഇടങ്ങളിൽ മലിനീകരണനില ‘ഗുരുതര’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ഐഐടി ഡൽഹിയിൽ 443, പഞ്ചാബി ബാഗിൽ 433, നരേലയിൽ 409 എന്നിങ്ങനെയാണ് എക്യുഐ. കന്റോൺമെന്റ് മേഖലയിൽ 315, ധൗള കുവാനിൽ 318, ആനന്ദ് വിഹാറിൽ 272 എന്നിങ്ങനെയും മലിനീകരണനില രേഖപ്പെടുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞ് കാഴ്ചപരിധിയെയും ബാധിച്ചിട്ടുണ്ട്.
ഗ്രാപ് മൂന്നാം ഘട്ട നിയന്ത്രണങ്ങൾ ശക്തമാക്കി
വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഡൽഹി-എൻസിആർ മേഖലയിൽ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ട നിയന്ത്രണങ്ങൾ കർശനമാക്കി.

ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത നിർമാണ പ്രവർത്തനങ്ങൾക്കും കെട്ടിടങ്ങൾ പൊളിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പൊടിപടലങ്ങൾ സൃഷ്ടിക്കുന്ന മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും സ്റ്റോൺ ക്രഷറുകളുടെ പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്.
വാഹനങ്ങൾക്കും നിയന്ത്രണം
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ്-III നിലവാരത്തിലുള്ള പെട്രോൾ വാഹനങ്ങൾക്കും ബിഎസ്-IV നിലവാരത്തിലുള്ള ഡീസൽ കാറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മലിനീകരണം സൃഷ്ടിക്കുന്ന ചരക്ക് വാഹനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ട്.
അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും പൊതുഗതാഗത സംവിധാനങ്ങൾ പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ ജനങ്ങളോട് നിർദേശിച്ചു. പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാനും മലിനീകരണ സാഹചര്യത്തിൽ ആരോഗ്യജാഗ്രത പാലിക്കാനും നിർദേശമുണ്ട്.
