കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയിലെ കട്ടിളപ്പാളി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം (SIT) പ്രോസിക്യൂഷന് അനുമതി തേടി. ഇതിനായി എസ്ഐടി ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് ഔദ്യോഗികമായി അപേക്ഷ നല്കി. സര്‍ക്കാരില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി ലഭിക്കുന്ന മുറയ്ക്ക് കട്ടിളപ്പാളി കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. അതേസമയം, കേസിന്റെ ഭാഗമായ ദ്വാരപാലക ശില്പങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് എസ്ഐടി ഹൈക്കോടതിയില്‍ സാവകാശം തേടിയിട്ടുണ്ട്. 285 സാക്ഷികളുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

1998-ല്‍ ശബരിമല സന്നിധാനത്ത് സ്ഥാപിച്ച സ്വര്‍ണത്തില്‍ പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും 2019-ലും പിന്നീട് 2023-ലും പുനര്‍നിര്‍മ്മാണത്തിന്റെയും അറ്റകുറ്റപ്പണികളുടെയും പേരില്‍ ചെന്നൈയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും കൊണ്ടുപോയപ്പോള്‍ വന്‍തോതില്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് കേസ്. സംഭവത്തില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായ എ. പത്മകുമാര്‍, പി.എസ്. പ്രശാന്ത് എന്നിവരുള്‍പ്പെടെയുള്ളവരെ എസ്ഐടി ചോദ്യം ചെയ്യുകയും കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പുറമെ ഉണ്ണികൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ തുടങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്.
