Wednesday, November 11, 2026

കനത്ത കാറ്റും മഴയും: B.Cലെ തീരപ്രദേശങ്ങളിൽ ഓറഞ്ച് അലര്‍ട്ട്

വന്‍കൂവര്‍: ബ്രിട്ടീഷ് കൊളംബിയയുടെ (ബി.സി.) പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ കനത്ത കാറ്റും മഴയും തുടരുന്നതായി മുന്നറിയിപ്പ്. വ്യാഴാഴ്ചയോടെ ചില പ്രദേശങ്ങളില്‍ 250 മില്ലീമീറ്ററിലധികം മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനെത്തുടര്‍ന്ന് വന്‍കൂവര്‍ ഐലന്‍ഡിന്റെ ചില ഭാഗങ്ങള്‍, ഹൗ സൗണ്ട്, സീ ടു സ്‌കൈ കോറിഡോര്‍ എന്നിവിടങ്ങളില്‍ എന്‍വയോണ്‍മെന്റ് കാനഡ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കഴിഞ്ഞ വാരാന്ത്യത്തില്‍ വീശിയടിച്ച കൊടുങ്കാറ്റിന്റെ നാശനഷ്ടങ്ങളില്‍ നിന്ന് കരകയറുന്നതിനിടെയാണ് മേഖലയില്‍ വീണ്ടും ശക്തമായ മഴയും കാറ്റും എത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും 4,00,000-ത്തിലധികം ബി.സി. ഹൈഡ്രോ ഉപഭോക്താക്കളുടെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വ്യാപകമായ ഒഴിപ്പിക്കലുകള്‍ക്ക് കാരണമാകുകയും ചെയ്തു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സറേയില്‍ കാറിന് മുകളിലേക്ക് മരം വീണ് ഒരു സ്ത്രീയും, വന്‍കൂവറില്‍ കനത്ത മഴയ്ക്കിടെ വാഹനം തട്ടി 78 കാരിയുമാണ് മരിച്ചത്.

വന്‍കൂവര്‍ ഐലന്‍ഡ്, ഹൗ സൗണ്ട്, സീ ടു സ്‌കൈ മേഖല, മെട്രോ വന്‍കൂവറിന്റെ ചില ഭാഗങ്ങള്‍, വടക്കന്‍ ഫ്രേസര്‍ വാലി എന്നിവയുള്‍പ്പെടെ തെക്കുപടിഞ്ഞാറന്‍ ബി.സി.യുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്രളയ മുന്നറിയിപ്പ് നിലവിലുണ്ട്. വന്‍കൂവര്‍ ഐലന്‍ഡിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള സെബല്ലോസ് ഗ്രാമത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 30-ഓളം വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

വരണ്ട ശരത്കാലത്തിന് ശേഷം പെട്ടെന്നുണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിനും നദികളിലെ ജലനിരപ്പ് ഉയരുന്നതിനും കാരണമായിട്ടുണ്ട്. പെട്ടെന്ന് വെള്ളം കയറിയതോടെ മണ്ണ് കുതിര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴാന്‍ സാധ്യത കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വാരത്തിന്റെ അവസാനത്തോടെ കൂടുതല്‍ കൊടുങ്കാറ്റുകള്‍ മേഖലയില്‍ എത്തിയേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!