Wednesday, November 11, 2026

B.Cയിലെ കുഞ്ഞിന്റെ മരണം: ചികിത്സാപ്പിഴവെന്ന് കുടുംബം; നീതി തേടി മാതാപിതാക്കൾ

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. സറി സ്വദേശികളായ അബ്രാർ അഹമ്മദിന്റെയും ഭാര്യയുടെയും ഏക മകൻ സ്വലാഹുദ്ദീൻ അഹമ്മദാണ് മരിച്ചത്. ചികിത്സ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവത്തിൽ പരാതി നൽകിയിട്ടും അധികൃതരിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ ഏപ്രിൽ 17ന് പുലർച്ചെയാണ് കുഞ്ഞിന് കടുത്ത ഛർദ്ദി ആരംഭിച്ചത്. തുടർന്ന് മാതാപിതാക്കൾ സറി മെമ്മോറിയൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. എന്നാൽ രക്തപരിശോധന പോലും നടത്താതെ കുഞ്ഞിന് കുഴപ്പമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചയച്ചെന്നാണ് പിതാവ് അബ്രാർ അഹമ്മദിന്റെ ആരോപണം.

മണിക്കൂറുകൾക്കകം കുഞ്ഞിന്റെ ബോധം നഷ്ടപ്പെട്ടതോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ കടുത്ത നിർജ്ജലീകരണത്തെ തുടർന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി കുറഞ്ഞതായി കണ്ടെത്തി. തുടർന്ന് അടിയന്തര ചികിത്സ നൽകി ബി.സി. ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. കുഞ്ഞിന് കരൾ സ്തംഭനമാണെന്നും സ്ഥിരീകരിച്ചു.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ബ്രിട്ടീഷ് കൊളംബിയയിൽ ലഭ്യമല്ലാത്തതിനാൽ എയർ ആംബുലൻസിൽ ആൽബർട്ടയിലെ സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു.

പരാതിക്ക് മറുപടിയില്ലെന്ന് കുടുംബം

സംഭവത്തിൽ ജൂലൈയിൽ ഫ്രേസർ ഹെൽത്തിന്റെ പേഷ്യന്റ് കെയർ ക്വാളിറ്റി ഓഫീസിൽ മാതാപിതാക്കൾ പരാതി നൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും രേഖാമൂലമുള്ള മറുപടി ലഭിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സാധാരണ 40 പ്രവൃത്തി ദിവസത്തിനുള്ളിൽ മറുപടി നൽകേണ്ടതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആദ്യഘട്ട ചികിത്സയിൽ വീഴ്ചയുണ്ടായിരുന്നോ, അത് കുഞ്ഞിന്റെ മരണത്തെ ബാധിച്ചോ തുടങ്ങിയ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.

സുരക്ഷാ സംവിധാനത്തിനായി ഒപ്പുശേഖരണം

അടിയന്തര ചികിത്സ ലഭിക്കുന്ന രോഗികൾക്ക് മറ്റൊരു ഡോക്ടറുടെ അഭിപ്രായം തേടാനുള്ള അവസരം ഉറപ്പാക്കുന്ന യു.കെ മാതൃകയിലുള്ള സുരക്ഷാ സംവിധാനം കാനഡയിലും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഒപ്പുശേഖരണവും ആരംഭിച്ചിട്ടുണ്ട്. സമാനമായ ചികിത്സാ അനുഭവങ്ങൾ മറ്റുകുടുംബങ്ങൾക്ക് ഉണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്ന് മാതാപിതാക്കൾ വ്യക്തമാക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!