റോം: ബോംബ് ഭീഷണി സന്ദേശങ്ങളെ തുടർന്ന് ഇറ്റലിയിലുടനീളം മുന്നൂറിലധികം സ്കൂളുകളിൽ നിന്ന് വിദ്യാർഥികളെയും അധ്യാപകരെയും ഒഴിപ്പിച്ചു. സ്കൂളുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിൽ വഴിയാണ് ലഭിച്ചത്. തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിദ്യാർഥികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഇറ്റലിക്ക് പുറമെ അയർലൻഡ്, സ്കോട്ട്ലൻഡ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ പ്രദേശങ്ങളിൽ സ്കൂളുകൾ ഒഴിപ്പിച്ചതായി വിവരമില്ല.
സ്കൂളുകൾക്ക് നിലവിൽ യാതൊരു അപകടസാധ്യതയുമില്ലെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ് ഭീഷണിക്ക് പിന്നിലെ ലക്ഷ്യമെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ഉന്നതതല മന്ത്രിസഭാ യോഗവും വിളിച്ചുചേർത്തു.
ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, സ്കൂളുകളിലേക്ക് അയച്ച അതേ അജ്ഞാത ഇമെയിലിൽ പ്രധാനമന്ത്രി മെലോണിക്കും വധഭീഷണിയുണ്ടായിരുന്നു. എന്നാൽ വ്യക്തിപരമായ ഭീഷണിയെക്കുറിച്ച് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
രാജ്യത്തുടനീളം ഏകദേശം 300 സ്കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി ഗ്യൂസെപ്പെ വാൽദിതാര സ്ഥിരീകരിച്ചു. റോം, മിലാൻ, ടൂറിൻ തുടങ്ങിയ പ്രധാന നഗരങ്ങളിലെ വിദ്യാലയങ്ങളിലാണ് പ്രധാനമായും ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായത്. സുരക്ഷാ പരിശോധനകളിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വ്യാജ ഭീഷണികൾ ജനങ്ങളിൽ ഭീതി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ പ്രതികരിച്ചു. സ്കൂളുകൾക്കും വിമാനക്കമ്പനികൾക്കും ഉൾപ്പെടെ ഇത്തരത്തിൽ ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിക്കാൻ എളുപ്പത്തിൽ സാധിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യൂറോപ്പിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ആഴ്ച ലഭിച്ച ഭീഷണി സന്ദേശങ്ങളിൽ ഉപയോഗിച്ച അതേ റഷ്യൻ പേരാണ് സ്കൂളുകൾക്ക് ലഭിച്ച ഇമെയിലുകളിലും രേഖപ്പെടുത്തിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ഏതെങ്കിലും പ്രത്യേക സംഘടനയോ വിദേശ സർക്കാരോ ആണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ആഴ്ച യൂറോപ്പിലുടനീളമുള്ള നിരവധി വിമാന സർവീസുകൾക്കും സമാനമായ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. തുടർച്ചയായ ഭീഷണി സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
