വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്ക ഭീഷണി രൂക്ഷം. പെംബർട്ടൺ മേഖലയിലെ നിരവധി പ്രദേശങ്ങളിൽ അടിയന്തര ഒഴിപ്പിക്കൽ ഉത്തരവും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചു. നദികളിലെ ജലനിരപ്പ് ഉയരുകയും മഞ്ഞുരുകി വെള്ളത്തിന്റെ അളവ് വർധിക്കുകയും ചെയ്തതോടെയാണ് അധികൃതർ നടപടി സ്വീകരിച്ചത്.
പെംബർട്ടൺ ഗ്രാമസഭയുടെ പരിധിയിൽ എയർപോർട്ട് റോഡിലെ 1674 മുതൽ 2000 വരെയുള്ള നമ്പറുകളിലുള്ള കെട്ടിടങ്ങളിലെ താമസക്കാരോടും സ്ഥാപനങ്ങളോടും ഉടൻ ഒഴിഞ്ഞുപോകാൻ നിർദേശിച്ചിട്ടുണ്ട്. പെംബർട്ടൺ റീജനൽ എയർപോർട്ട്, ബി.സി. വൈൽഡ്ഫയർ സർവീസിന്റെ കേന്ദ്രം, ഗോൾഫ് കോഴ്സ്, മൃഗസംരക്ഷണ കേന്ദ്രം, ചില താമസസ്ഥലങ്ങൾ എന്നിവ ഈ മേഖലയിലുൾപ്പെടുന്നു.
പെട്ടെന്ന് സാഹചര്യം മോശമായാൽ താമസക്കാർക്ക് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ലഭിക്കുന്ന സമയം പരിമിതമായിരിക്കാമെന്നും അധികൃതർ അറിയിച്ചു. ലില്ലൂവറ്റ് നദിക്ക് സമീപമുള്ള ചില പ്രദേശങ്ങളിൽ ലിൽവാട്ട് നേഷൻ അധികൃതരും അതീവ ജാഗ്രതാ നിർദ്ദേശമായ ‘ഫ്ലഡ് വാണിങ്’ (Flood Warning) പ്രഖ്യാപിച്ചിട്ടുണ്ട്.
250 മില്ലിമീറ്ററിലധികം മഴയ്ക്ക് സാധ്യത
ബ്രിട്ടീഷ് കൊളംബിയയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാനഡ പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വൻകൂവർ ദ്വീപിന്റെ പടിഞ്ഞാറൻ മേഖലയിലും ഉൾപ്രദേശങ്ങളിലും 250 മില്ലിമീറ്ററിലധികം മഴ ലഭിക്കാനാണ് സാധ്യത.
സ്ക്വാമിഷിന് സമീപമുള്ള പോർട്ട് മെല്ലനിൽ 24 മണിക്കൂറിനിടെ 214 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷക ജെന്നിഫർ ഹേ അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ, റോഡ് തകർച്ച, പ്രാദേശിക വെള്ളപ്പൊക്കം തുടങ്ങിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സൗത്ത് കോസ്റ്റ്, ഹൗ സൗണ്ട്, സീ-ടു-സ്കൈ, നോർത്ത് ഷോർ മലനിരകൾ, പെംബർട്ടൺ വാലി, ലില്ലൂവറ്റ് നദി എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ശക്തമാക്കിയിട്ടുണ്ട്.

13,000ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതിയില്ല
ബ്രിട്ടീഷ് കൊളംബിയയിൽ തുടർച്ചയായ ശക്തമായ മഴയെയും കൊടുങ്കാറ്റിനെയും തുടർന്ന് ഏകദേശം 13,000-ത്തിലധികം ഉപഭോക്താക്കൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ പ്രവിശ്യയിൽ വീശിയടിച്ച തുടർച്ചയായ കൊടുങ്കാറ്റുകളിൽ ആകെ 4,15,000-ത്തിലധികം ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചിരുന്നു.
മരങ്ങൾ കടപുഴകി വീണതും അവശിഷ്ടങ്ങൾ റോഡുകളിൽ നിറഞ്ഞതും മണ്ണ് കുതിർന്ന് ചതുപ്പായതും അറ്റകുറ്റപ്പണികൾക്ക് തടസ്സമാകുന്നുണ്ട്. വടക്കുപടിഞ്ഞാറൻ വൻകൂവർ ദ്വീപിലെ സെബലോസ് ഗ്രാമത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവന്നേക്കും. വിദൂര മേഖലയായതിനാൽ അറ്റകുറ്റപ്പണിക്കുള്ള പ്രത്യേക ഉപകരണങ്ങൾ ഹെലികോപ്റ്റർ വഴി എത്തിക്കേണ്ടതുണ്ട്.
റോഡുകളിൽ യാത്രാ മുന്നറിയിപ്പ്
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം വൻകൂവർ ദ്വീപിലെ ബാംഫീൽഡ് റോഡ് അടച്ചു. സരിറ്റ നദിയിലെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കണക്കിലെടുത്താണ് നടപടി. പോർട്ട് ആൽബർണിക്കും ബാംഫീൽഡിനുമിടയിൽ യാത്ര ചെയ്യുന്നവർക്ക് റോഡ് തുറക്കുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്ന് ഹൂ-ആയ-ആത് ഫസ്റ്റ് നേഷൻസ് മേധാവി ജോൺ ജാക്ക് അറിയിച്ചു.
സീ-ടു-സ്കൈ ഹൈവേ, ഫ്രേസർ വാലി, ഫ്രേസർ കാന്യൻ, മലഹാറ്റ് മേഖലകൾ എന്നിവിടങ്ങളിലും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചില റോഡുകൾ പൂർണമായി ഗതാഗതയോഗ്യമല്ലാതാകാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വ്യാഴാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. എന്നാൽ വെള്ളിയാഴ്ച മറ്റൊരു കൊടുങ്കാറ്റ് കൂടി ബ്രിട്ടീഷ് കൊളംബിയയെ ബാധിക്കാനിരിക്കുകയാണ്. ഇതോടെ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി തുടരാനാണ് സാധ്യത.
