Thursday, November 12, 2026

എലി, പ്രാവ് ശല്യം രൂക്ഷം; ഹാലിഫാക്‌സ് മേഖലയിലെ ആശുപത്രികളില്‍ കീടനിയന്ത്രണ ചെലവ് കുതിച്ചുയരുന്നു

നോവസ്‌കോഷ: ഹാലിഫാക്സിലുള്ള പ്രമുഖ ആശുപത്രി സമുച്ചയമായ ക്യുഇടു (QEII) ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും എലിശല്യം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച കുടുംബാംഗത്തോടൊപ്പം ആശുപത്രിയിലെത്തിയ ജോര്‍ദാന്‍ ബോണപാര്‍ട്ട് എന്ന യുവാവാണ് ആശുപത്രിയിലെ ഭീതിജനകമായ സാഹചര്യം പുറത്തുകൊണ്ടുവന്നത്.

അത്യാഹിത വിഭാഗത്തിലെ ഇടനാഴികളില്‍ എലികള്‍ ഓടിനടക്കുന്നത് കണ്ട് ഞെട്ടിയ തന്നോട്, ആശുപത്രിയില്‍ രോഗികളേക്കാള്‍ കൂടുതല്‍ എലികളുണ്ടെന്നാണ് ഒരു പാരാമെഡിക് ജീവനക്കാരന്‍ പ്രതികരിച്ചതെന്ന് ബോണപാര്‍ട്ട് പറഞ്ഞു. ആറ് മണിക്കൂറോളം ഇടനാഴിയില്‍ എലികളെ കണ്ടതിന് ശേഷം രോഗിയെ മുറിയിലേക്ക് മാറ്റിയെങ്കിലും, മിനിറ്റുകള്‍ക്കുള്ളില്‍ ഒരു എലി രോഗിയുടെ കിടക്കയിലേക്ക് കയറാന്‍ ശ്രമിച്ചതായും ഭക്ഷണം വെച്ചിരുന്ന ഭാഗത്തേക്ക് നീങ്ങിയ എലിയെ താന്‍ കാല്‍ നിലത്തടിച്ചാണ് ഓടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കീടനിയന്ത്രണ ചെലവില്‍ വന്‍ വര്‍ധന

തുറമുഖ നഗരമായതിനാല്‍ എലികളെ കാണുന്നത് സാധാരണമാണെങ്കിലും, ക്യുഇടു ആശുപത്രി സമുച്ചയത്തിലെ സാഹചര്യം പ്രതീക്ഷിച്ചതിലും അപ്പുറമാണെന്ന് നോവസ്‌കോഷ ഹെല്‍ത്ത് അധികൃതര്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആശുപത്രികളിലെ കീടനിയന്ത്രണത്തിനായി (Pest Control) ചെലവഴിച്ച തുകയില്‍ വന്‍ വര്‍ധനവുണ്ടായതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

  • ക്യുഇടു (QEII) സമുച്ചയം: കീടനിയന്ത്രണ ബജറ്റ് 35,942 ഡോളറില്‍ നിന്ന് 3,23,075 ഡോളറായി ഉയര്‍ന്നു (798 ശതമാനം വര്‍ദ്ധനവ്).
  • ഡാര്‍ട്ട്മൗത്ത് ജനറല്‍ ആശുപത്രി: പ്രവിശ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,157 ശതമാനം വര്‍ദ്ധനവാണ് ഇവിടെ രേഖപ്പെടുത്തിയത്. ചെലവ് 9,545 ഡോളറില്‍ നിന്ന് 1,20,012 ഡോളറായി കുതിച്ചുയര്‍ന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ക്യുഇടു കെട്ടിടങ്ങളില്‍ നിന്ന് 1,435 എലികളെയും ഡാര്‍ട്ട്മൗത്ത് ആശുപത്രിയില്‍ നിന്ന് 321 എലികളെയും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പഴയ കെട്ടിടങ്ങളും വെല്ലുവിളി

ആശുപത്രികള്‍ക്ക് ചുറ്റും നടക്കുന്ന വിപുലമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് എലികള്‍ കൂട്ടത്തോടെ കെട്ടിടങ്ങള്‍ക്കുള്ളിലേക്ക് കയറാന്‍ പ്രധാന കാരണമായതെന്ന് നോവസ്‌കോഷ ഹെല്‍ത്ത് ഫെസിലിറ്റീസ് ഓപ്പറേഷന്‍സ് സീനിയര്‍ ഡയറക്ടര്‍ ക്രിസ് സ്മിത്ത് പറഞ്ഞു. പഴക്കമുള്ള കെട്ടിടങ്ങളിലൂടെ ദിവസവും ആയിരക്കണക്കിന് ആളുകളും സാധനസാമഗ്രികളും വന്നുപോകുന്നതും നിയന്ത്രണം പ്രയാസകരമാക്കുന്നു.

പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാന്‍ വര്‍ഷങ്ങളെടുത്തേക്കാമെന്ന് സ്മിത്ത് വ്യക്തമാക്കി. നിലവില്‍ ത്രിതല കര്‍മ്മപദ്ധതിയാണ് നടപ്പിലാക്കുന്നത്:

  • പ്രൊഫഷണല്‍ കീടനിയന്ത്രണ വിദഗ്ധരുടെ പ്രതിദിന പരിശോധന.
  • എലികളെ കാണുന്ന ഇടങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം.
  • കെട്ടിടങ്ങളുടെ പുറംഭാഗത്തെ ചെറിയ വിള്ളലുകളും ദ്വാരങ്ങളും കണ്ടെത്തി അടയ്ക്കല്‍ (ഇതിനായി 200-ഓളം അറ്റകുറ്റപ്പണി ഉത്തരവുകള്‍ നല്‍കിയിട്ടുണ്ട്).

അതേസമയം, തൊട്ടടുത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ ഐഡബ്ല്യുകെ (IWK) ഹെല്‍ത്ത് സെന്ററില്‍ പ്രാവുകളുടെ ശല്യം പരിഹരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം 1,80,000 ഡോളര്‍ ചെലവഴിക്കേണ്ടി വന്നു.

തന്റെ അനുഭവം വീഡിയോ രൂപത്തില്‍ പോഡ്കാസ്റ്റ് പേജില്‍ പങ്കുവെച്ച ബോണപാര്‍ട്ട്, ആശുപത്രികളിലെ ഇത്തരം അശുദ്ധമായ സാഹചര്യങ്ങള്‍ സാധാരണമാണെന്ന് കരുതി അംഗീകരിക്കരുതെന്നും മികച്ച ആരോഗ്യപരിപാലന സൗകര്യങ്ങള്‍ക്കായി ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!