Thursday, November 12, 2026

ലോകത്തിലെ മുന്‍നിര LNG കയറ്റുമതി രാജ്യമാകാൻ കാനഡ; വൻ നിക്ഷേപവും തൊഴിലവസരങ്ങളും ഒരുങ്ങുന്നു

ഓട്ടവ: ലോകത്തിലെ മുന്‍നിര പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നായി മാറാന്‍ കാനഡയ്ക്ക് വലിയ അവസരമുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ സാമ്പത്തിക വിശകലന ഏജന്‍സിയായ എസ് ആന്‍ഡ് പി ഗ്ലോബല്‍ (S&P Global) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

എന്നാല്‍ ഈ ലക്ഷ്യത്തിലെത്താന്‍ അനുമതി ലഭിക്കുന്നതിനുള്ള നീണ്ട നടപടിക്രമങ്ങളും സ്വകാര്യ മേഖലയില്‍ നിന്നുള്ള പുതിയ പദ്ധതികളുടെ കുറവും ഉള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. പ്രതിവര്‍ഷം 100 ദശലക്ഷം ടണ്ണിലധികം എല്‍എന്‍ജി കയറ്റുമതി ചെയ്യാനാണ് ഫെഡറല്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം 14 ദശലക്ഷം ടണ്‍ ശേഷിയുള്ള ഒരു പ്ലാന്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഈ ലക്ഷ്യം കൈവരിക്കാനായാല്‍ 2050-ഓടെ പ്രകൃതിവാതക മേഖലയില്‍ ഏകദേശം ഒരു ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപവും പ്രതിവര്‍ഷം ഏകദേശം രണ്ടര ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അനുമതി നടപടികളും ചെലവും പ്രധാന വെല്ലുവിളി

അനുമതി ലഭിക്കുന്നതിലെ കാലതാമസവും ഉയര്‍ന്ന നിര്‍മ്മാണച്ചെലവും പരിഹരിക്കാന്‍ സാധിച്ചാല്‍ ആഗോള എല്‍എന്‍ജി വിപണിയില്‍ കാനഡയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാനാകുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ഡാനിയല്‍ യെര്‍ഗിന്‍ പറഞ്ഞു. ഇത് കാനഡയുടെ സമ്പദ്വ്യവസ്ഥയെ ആഗോളവല്‍ക്കരിക്കാനും അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

പടിഞ്ഞാറന്‍ കാനഡയില്‍ വന്‍തോതില്‍ പ്രകൃതിവാതക ശേഖരമുണ്ടെങ്കിലും, ആല്‍ബര്‍ട്ടയില്‍ നിന്നും വടക്കുകിഴക്കന്‍ ബ്രിട്ടിഷ് കൊളംബിയയില്‍ നിന്നും പടിഞ്ഞാറന്‍ തീരത്തേക്ക് വാതകം എത്തിക്കുന്നതിനുള്ള പൈപ്പ്ലൈനുകള്‍ നിര്‍മ്മിക്കുന്നത് സങ്കീര്‍ണ്ണവും ചെലവേറിയതുമാണ്. ടെക്‌സസുമായി താരതമ്യം ചെയ്യുമ്പോള്‍ കാനഡയില്‍ അനുമതി നടപടികള്‍ക്ക് 27 മാസം കൂടുതല്‍ സമയമെടുക്കുന്നുണ്ടെന്നും പൈപ്പ്ലൈന്‍ നിര്‍മ്മാണത്തിന് 160 ശതമാനം കൂടുതല്‍ ചെലവ് വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിയന്ത്രണ അവലോകനങ്ങള്‍ വേഗത്തിലാക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവന്നിട്ടുണ്ട്.

ഏഷ്യന്‍ വിപണിയും കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനവും അനുകൂല ഘടകങ്ങള്‍

നിലവില്‍ ‘എല്‍എന്‍ജി കാനഡ’ മാത്രമാണ് രാജ്യത്തെ ഏക കയറ്റുമതി കേന്ദ്രമെങ്കിലും, ആറ് പദ്ധതികള്‍ കൂടി നിര്‍മ്മാണത്തിലോ വികസന ഘട്ടത്തിലോ ആണ്. ഇവയെല്ലാം പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 50 ദശലക്ഷം ടണ്ണിലധികം എല്‍എന്‍ജി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും.

ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള കപ്പല്‍ ഗതാഗത ദൂരം താരതമ്യേന കുറവാണെന്നത് കാനഡയ്ക്ക് വലിയ ഭൂമിശാസ്ത്രപരമായ ആനുകൂല്യം നല്‍കുന്നു. ഈ വര്‍ഷം മിഡില്‍ ഈസ്റ്റിലുണ്ടായ സംഘര്‍ഷങ്ങള്‍ ആഗോള പ്രകൃതിവാതക വിപണിയെ തടസ്സപ്പെടുത്തിയ സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കാനഡയില്‍ നിന്നുള്ള എല്‍എന്‍ജി വാങ്ങാന്‍ വലിയ താല്പര്യം കാണിക്കുന്നുണ്ട്. ശൈത്യകാലം അടുക്കുമ്പോള്‍ ഉയര്‍ന്ന വാതക വിലയെക്കുറിച്ച് ആശങ്കപ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളും വിതരണ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണ്.

വരുന്ന ദശകങ്ങളില്‍ ജനസംഖ്യാ വര്‍ദ്ധനവ്, എഐ (AI) ഡാറ്റാ സെന്ററുകള്‍, എയര്‍ കണ്ടീഷനിംഗ് എന്നിവയ്ക്കുള്ള ഊര്‍ജ്ജ ആവശ്യകത കൂടുന്നതോടെ പ്രകൃതിവാതകത്തിന്റെ ഡിമാന്‍ഡ് കുതിച്ചുയരും. മറ്റു രാജ്യങ്ങളിലെ സമാന പദ്ധതികളെ അപേക്ഷിച്ച് കനേഡിയന്‍ എല്‍എന്‍ജിക്ക് ഹരിതഗൃഹ വാതക ബഹിര്‍ഗമന തീവ്രത 55 ശതമാനം കുറവാണെന്നതും കാനഡയ്ക്ക് മുന്‍തൂക്കം നല്‍കുന്നതായി എസ് ആന്‍ഡ് പി ഗ്ലോബല്‍ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!