Friday, November 13, 2026

B.Cയിലെ സ്ക്വാമിഷ് നദിയിൽ ബോട്ടപകടം; നിരവധി പേർ മരിച്ചതായി പൊലീസ്

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ സ്ക്വാമിഷ് വാലിക്ക് സമീപം ഉണ്ടായ ബോട്ടപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും മരണങ്ങൾ സംഭവിച്ചതായും റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. എന്നാൽ അപകടത്തിൽ ഉൾപ്പെട്ടവരുടെ കൃത്യമായ എണ്ണമോ മരണസംഖ്യയോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അപകടത്തിൽപ്പെട്ട ചിലർ സുരക്ഷിതമായി രക്ഷപ്പെട്ടതായി പൊലീസ് ഇൻസ്പെക്ടർ റോബർട്ട് ഡൈക്‌സ്ട്ര വ്യക്തമാക്കി. അന്വേഷണം തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും അദ്ദേഹം അറിയിച്ചു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്ക്വാമിഷ് സെർച്ച് ആൻഡ് റെസ്ക്യൂ സംഘം സ്ക്വാമിഷ് നദി മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയിലും നോർത്ത് ഷോർ റെസ്ക്യൂ സംഘാംഗങ്ങൾ തിരച്ചിൽ നടപടികൾക്കായി പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സീ ടു സ്കൈ മേഖലയിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുകയും റോഡുകളിൽ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തിരുന്നു. സ്ക്വാമിഷ് വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 വരെ 135 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ അറിയിച്ചു.

മേഖലയിൽ ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പെംബർട്ടൺ ഗ്രാമത്തിലും സ്ക്വാമിഷിന് വടക്കുള്ള പാരഡൈസ് വാലി മേഖലയിലും ജനങ്ങളോട് വീടിനുള്ളിൽ സുരക്ഷിതമായി തുടരാൻ നിർദേശം നൽകിയിട്ടുണ്ട്. ലിൽവാട്ട് നേഷൻ മേഖലയിലെ 50ലധികം വീടുകളിൽ നിന്നും പെംബർട്ടണിലെ എയർപോർട്ട് റോഡിലെ ചില വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനും ഉത്തരവിട്ടിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് ഹൈവേ 99ന്റെ ഒരു ഭാഗത്തും ഗതാഗതം തടസ്സപ്പെട്ടു.

ഇതിനിടെ, വ്യാഴാഴ്ച പുലർച്ചെ സ്ക്വാമിഷ് വാലി റോഡിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ കാറിലുണ്ടായിരുന്ന യുവതിയെ ഒരു വഴിയാത്രക്കാരൻ രക്ഷപ്പെടുത്തിയിരുന്നു. അരയോളം വെള്ളത്തിൽ ഒരു മണിക്കൂറിലധികം കുടുങ്ങിക്കിടന്ന യുവതിയുടെ നിലവിളി കേട്ടാണ് ഇയാൾ രക്ഷാപ്രവർത്തനം നടത്തിയത്.

ബോട്ടപകടത്തിന്റെ സാഹചര്യവും മരണങ്ങളുടെ കൃത്യമായ എണ്ണവും കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!