കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരായ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ തീരുമാനത്തെ വിദ്യാർഥികൾക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഇക്കാര്യം കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും വിദ്യാർഥികൾക്ക് കോടതി നിർദേശം നൽകി. സർവകലാശാലയുടെ സസ്പെൻഷൻ നടപടിക്കെതിരായ നിയമപോരാട്ടത്തിൽ നിർണായകമാണ് കോടതിയുടെ ഈ നിരീക്ഷണം.

അതിനിടെ, കാലടി സംസ്കൃത സർവകലാശാലയിലെ സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർവകലാശാല അധികൃതർക്കും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.
16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി വൈസ് ചാൻസലറും മുൻ ഗവർണറും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാർഥികളെ അടിച്ചമർത്താനുള്ള സർക്കാർ നിലപാടിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയരണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
