Friday, November 13, 2026

മൈക്രോസോഫ്റ്റ് തകരാർ രാജ്യത്തെ വിമാന സർവീസുകളെയും ബാധിച്ചു; സർവീസുകൾ റദ്ദാക്കി സ്‌പൈസ്‌ജെറ്റ്

ഡൽഹി: ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ തടസ്സം ഇന്ത്യയിലെ വിമാന സർവീസുകളെയും ബാധിച്ചു. തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു. മറ്റ് വിമാനക്കമ്പനികൾ ഇതുവരെ പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, യാത്രക്കാർ സർവീസ് വിവരങ്ങൾ നിരന്തരം പരിശോധിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന പുണെ, ലേ, മുംബൈ സർവീസുകളാണ് സ്‌പൈസ്‌ജെറ്റ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്ന് ദർഭംഗയിലേക്കും മുംബൈയിലേക്കുമുള്ള രണ്ട് സർവീസുകൾ വൈകുകയും ചെയ്തു.

അതേസമയം, തങ്ങളുടെ വിമാന സർവീസുകൾ സാധാരണ നിലയിൽ തുടരുകയാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശയവിനിമയ സംവിധാനങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

യാത്രക്കാരുടെ ഇമെയിലുകൾ തടസ്സമില്ലാതെ ലഭിക്കുന്നതിനായി ഇമെയിൽ ട്രാഫിക് താൽക്കാലികമായി മറ്റൊരു സംവിധാനത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. സാധാരണ 24 മണിക്കൂറിനുള്ളിൽ തന്നെ ഇമെയിലുകൾക്ക് മറുപടി നൽകുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

മൈക്രോസോഫ്റ്റ് സേവനങ്ങളിലെ തടസ്സത്തിന്റെ പശ്ചാത്തലത്തിൽ ഇൻഡിഗോയും ആകാശ എയറും യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. വിമാനങ്ങളുടെ സമയക്രമം, സർവീസ് മാറ്റങ്ങൾ, മറ്റ് യാത്രാ വിവരങ്ങൾ എന്നിവ ഔദ്യോഗിക ചാനലുകളിലൂടെ പരിശോധിക്കണമെന്ന് എയർലൈനുകൾ ആവശ്യപ്പെട്ടു.

ഡൽഹി വിമാനത്താവള അധികൃതരും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ നിലവിലെ സ്ഥിതിയും സമയക്രമവും ഉറപ്പാക്കണമെന്നാണ് നിർദേശം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!