Friday, November 13, 2026

അതിരുകടന്ന പ്രവര്‍ത്തി; സ്ത്രീവിരുദ്ധ കാരിക്കേച്ചറിനെ അപലപിച്ച് വെര്‍ഡന്‍ ബ്‌റോ മേയര്‍

മണ്‍ട്രിയോള്‍: തനിക്കെതിരെ സ്ത്രീവിരുദ്ധമായ കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ച പ്രാദേശിക പത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വെര്‍ഡന്‍ ബ്‌റോ മേയര്‍ സെലിന്‍-ഓഡ്രി ബ്യൂറെഗാര്‍ഡ് (Céline-Audrey Beauregard) രംഗത്തെത്തി. കെബെക്ക് ആസ്ഥാനമായുള്ള ‘നണ്‍സ് ഐലന്‍ഡ് ജേര്‍ണല്‍’ (Nuns’ Island Journal) പ്രസിദ്ധീകരിച്ച കാരിക്കേച്ചര്‍ അതിരുകടന്നതാണെന്ന് മേയര്‍ വ്യക്തമാക്കി. തിങ്കളാഴ്ച തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അവര്‍ പ്രതിഷേധം അറിയിച്ചത്.

തന്നെയോ തന്റെ ശരീരത്തെയോ ആക്രമിക്കരുതെന്നും ഇത് ഒരിക്കലും ലംഘിക്കാന്‍ പാടില്ലാത്ത അതിര്‍വരമ്പാണെന്നും മേയര്‍ കുറിച്ചു. നണ്‍സ് ഐലന്‍ഡിലെ അഡ്രിയന്‍-ഡി-ആര്‍ച്ചംബോള്‍ട്ട് പാര്‍ക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പമ്പ് ട്രാക്കിനെക്കുറിച്ചുള്ള പ്രാദേശിക വിവാദങ്ങളെ ആസ്പദമാക്കിയാണ് കാരിക്കേച്ചര്‍ വരച്ചിരിക്കുന്നത്. വലിയ കുട്ടികള്‍ക്കും പമ്പ് ട്രാക്ക് ഉപയോഗിക്കാം എന്നര്‍ത്ഥം വരുന്ന ഫ്രഞ്ച്-ഇംഗ്ലീഷ് വാചകങ്ങള്‍ക്കൊപ്പം മേയര്‍ സ്‌കേറ്റ്‌ബോര്‍ഡില്‍ നില്‍ക്കുന്ന രീതിയിലാണ് ചിത്രീകരണം. സ്ത്രീകളുടെ ശരീരത്തെ ലൈംഗികമായി ചിത്രീകരിക്കുന്ന പ്രവണതയെ അപലപിച്ചുകൊണ്ട് മേയര്‍ തിങ്കളാഴ്ച ഒരു വീഡിയോയും പുറത്തുവിട്ടു.

കഴിഞ്ഞ ആഴ്ച നടന്ന വെര്‍ഡന്‍ ബറോ യോഗത്തില്‍ കൗണ്‍സിലര്‍ സ്റ്റെര്‍ലിംഗ് ഡൗണിയും വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ ചിത്രീകരണം ഞെട്ടിക്കുന്നതും നൂറു ശതമാനം അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. താനായിരുന്നു ഈ ചിത്രത്തിലെ വിഷയമെങ്കില്‍ തന്റെ ശരീരഭാഗങ്ങളെ ലൈംഗികമായി ചിത്രീകരിക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിലേക്ക് കടന്നുവരാന്‍ സ്ത്രീകള്‍ മടിക്കുന്നതിന്റെ പ്രധാന കാരണം ഇത്തരം അധിക്ഷേപങ്ങളാണെന്ന് ബ്യൂറെഗാര്‍ഡ് ചൂണ്ടിക്കാട്ടി. ആശയങ്ങള്‍ക്കോ പദ്ധതികള്‍ക്കോ പകരം സ്ത്രീകളുടെ രൂപത്തെയും വസ്ത്രധാരണത്തെയും ശരീരത്തെയുമാണ് പലപ്പോഴും ആക്രമിക്കുന്നത്. മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ കൂടുതല്‍ സ്ത്രീകളെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചെങ്കിലും വലിയ സമ്മര്‍ദ്ദങ്ങള്‍ ഭയന്ന് പലരും പിന്മാറുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതികരിക്കാന്‍ നണ്‍സ് ഐലന്‍ഡ് ജേര്‍ണല്‍ തയ്യാറായിട്ടില്ല. വരും ദിവസങ്ങളില്‍ പത്രത്തോട് ഔദ്യോഗികമായി മാപ്പ് ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്‍കാന്‍ ഒരുങ്ങുകയാണ് വെര്‍ഡന്‍ ബറോ ഭരണകൂടം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!