വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ നിന്ന് പടിയിറങ്ങുന്നതിന് മുന്‍പായി ക്യൂബയില്‍ സൈനിക ഇടപെടല്‍ നടത്തുന്ന കാര്യം പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രമുഖ റേഡിയോ അവതാരകന് ഹ്യൂ ഹെവിറ്റിന് നല്കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കുന്നതിനെക്കുറിച്ച് ട്രംപ് മുന്‍പും സംസാരിച്ചിട്ടുണ്ടെങ്കിലും, സൈനിക നടപടിക്ക് ഒരു സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമായാണ്.
സ്ഥാനമൊഴിയുന്നതിന് മുന്‍പ് ക്യൂബയുടെ കാര്യത്തില്‍ ഒരു തീരുമാനമാക്കണമെന്ന് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. ക്യൂബന്‍ വംശജനായ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഈ നീക്കത്തില്‍ പ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലേക്ക് കുടിയേറിയ ക്യൂബന്‍ ജനതയ്ക്ക് വേണ്ടിയാണ് താന്‍ ഈ നടപടി ആഗ്രഹിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കിയ സൈനിക നീക്കത്തിന് പിന്നാലെ, ക്യൂബയ്ക്ക് മേല്‍ അമേരിക്ക എണ്ണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇത് ക്യൂബയിലെ വൈദ്യുതി വിതരണം തകരാനും കടുത്ത മാനുഷിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്. ഇറാന് യുദ്ധവും വിലക്കയറ്റവും കാരണം ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് ഒരാഴ്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ ഈ പുതിയ പ്രസ്താവന വരുന്നത്.
