Friday, November 13, 2026

ആശയവിനിമയ തകരാര്‍: അമേരിക്കയില്‍ വിമാനയാത്ര സ്തംഭിച്ചു

വാഷിങ്ടണ്‍: ആശയവിനിമയ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി (ഗ്രൗണ്ട് സ്റ്റോപ്പ്) ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (FAA) അറിയിച്ചു. 7,000-ത്തിലധികം വിമാന സര്‍വീസുകളെയാണ് ഈ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്.

രാജ്യത്തെ വിമാന ഗതാഗതം നിയന്ത്രിക്കുന്ന എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെ ബാധിച്ച ആശയവിനിമയ തകരാറാണ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് FAA വ്യക്തമാക്കി. നെറ്റ്വര്‍ക്ക് റൗട്ടറുകളിലുണ്ടായ സാങ്കേതിക പ്രശ്നമാണ് രാജ്യവ്യാപകമായ തടസ്സങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക സൂചന. പൈലറ്റുമാര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (ATC) ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള റേഡിയോ ആശയവിനിമയ സംവിധാനം തകരാറിലാകുന്ന ‘ഫ്രീക്വന്‍സി തടസ്സമാണ്’ (Frequency Outage) ഇവിടെ സംഭവിച്ചത്.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണത്തിനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. എങ്കിലും, സാങ്കേതിക തകരാറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

2023 ജനുവരിയിലാണ് ഇതിനുമുമ്പ് അമേരിക്കയില്‍ രാജ്യവ്യാപകമായി ഗ്രൗണ്ട് സ്റ്റോപ്പ് പ്രഖ്യാപിച്ചത്. അന്ന് പൈലറ്റുമാര്‍ക്കുള്ള നോട്ടിഫിക്കേഷന്‍ സംവിധാനത്തിലുണ്ടായ തകരാറായിരുന്നു കാരണം. അതിനുമുമ്പ് 2001 സെപ്റ്റംബര്‍ 11-ലെ ഭീകരാക്രമണത്തിന് ശേഷമാണ് അമേരിക്കന്‍ വ്യോമഗതാഗതം ഇതുപോലെ പൂര്‍ണ്ണമായും നിര്‍ത്തിവച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!