Tuesday, November 17, 2026

ടൊറന്റോയിലെ ചൈനീസ് കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ ക്രൂരമര്‍ദ്ദനം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

ടൊറന്റോ: കാനഡയിലെ ചൈനീസ് കോണ്‍സുലേറ്റിന് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരെയുണ്ടായ വധഭീഷണിയിലും കയ്യേറ്റത്തിലും ടൊറന്റോ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ മാര്‍ക്ക് കാര്‍ണി ഈ വിഷയം ഗൗരവമായി ഉന്നയിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 22-ന് ടൊറന്റോയിലെ ജോര്‍ജ് സ്ട്രീറ്റിലുള്ള ചൈനീസ് കോണ്‍സുലേറ്റിന് മുന്നിലാണ് സംഭവം നടന്നത്. ചൈനയില്‍ നിരോധിക്കപ്പെട്ട ആത്മീയ പ്രസ്ഥാനമായ ഫാലുന്‍ ഗോങ് (Falun Gong) അനുയായികള്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍, ചൈനീസ് പതാക തുന്നിച്ചേര്‍ത്ത കറുത്ത ജാക്കറ്റ് ധരിച്ച ഒരാള്‍ വലിച്ചുകീറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് ചൈനീസ് പ്രദേശമാണെന്നും നിങ്ങള്‍ ചൈനയുടെ വിഘടനവാദ വിരുദ്ധ നിയമം ലംഘിച്ചുവെന്നും ആക്രോശിച്ച ഇയാള്‍, പ്രതിഷേധക്കാരില്‍ ഒരാളായ സ്ത്രീയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മറ്റൊരു സ്ത്രീയെ ഇയാള്‍ ചവിട്ടുകയും ചെയ്തു.

സംഭവത്തില്‍ ടൊറന്റോ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി കയറിപ്പോയ ഉബര്‍ വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരിച്ചറിഞ്ഞതായും, ഇയാള്‍ ചൈനയിലേക്ക് മടങ്ങിയതായും കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) സ്ഥിരീകരിച്ചു. പ്രതി തിരികെ കാനഡയില്‍ എത്തിയാല്‍ അതിര്‍ത്തിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ചൈനയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയില്‍ അഭയം തേടിയവര്‍ക്കിടയില്‍ ഇത്തരം സംഭവങ്ങള്‍ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നതെന്ന് ഫാലുന്‍ ദാഫ അസോസിയേഷന്‍ ഓഫ് കാനഡ വക്താവ് ജോയല്‍ ചിപ്കാര്‍ പറഞ്ഞു.

കാനഡയില്‍ പ്രവാസികളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (CCP) കുറഞ്ഞത് 18 അനധികൃത പോലീസ് സ്റ്റേഷനുകളെങ്കിലും പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നാണ് ‘സേഫ്ഗാര്‍ഡ് ഡിഫന്‍ഡേഴ്‌സ്’ (Safeguard Defenders) എന്ന സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിനുപുറമെ, ജൂലൈ ഒന്നിന് ചൈനയില്‍ നിലവില്‍ വന്ന പുതിയ നിയമം കാനഡയിലടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെയും ജനാധിപത്യ പ്രവര്‍ത്തകരെയും നിശബ്ദരാക്കാന്‍ ചൈന ഉപയോഗിക്കുമെന്ന് ചൈന സ്ട്രാറ്റജിക് റിസ്‌ക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉപദേശക സമിതി അംഗം മാര്‍ഗരറ്റ് മക്യുയിഗ്-ജോണ്‍സ്റ്റണ്‍ ആശങ്ക പ്രകടിപ്പിച്ചു.

ചൈനീസ് ജയിലില്‍ കഴിയുന്ന ഉയിഗൂര്‍ കനേഡിയന്‍ ആക്ടിവിസ്റ്റ് ഹുസൈന്‍ സെലില്‍, ഹോങ്കോങ് മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ലായ് എന്നിവരുടെ മോചനവും പ്രധാനമന്ത്രി കാര്‍ണി ചര്‍ച്ചയില്‍ ഉന്നയിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. കാനഡയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റവും അനധികൃത പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഷി ജിന്‍പിങ്ങിനെ വ്യക്തമായി അറിയിക്കണമെന്ന് മുന്‍ കനേഡിയന്‍ നയതന്ത്രജ്ഞന്‍ മൈക്കല്‍ കോവ്രിഗും ആവശ്യപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!