Tuesday, November 17, 2026

കാനഡയിലെ ഏറ്റവും വലിയ ഓഫ്-ഗ്രിഡ് സോളാര്‍ ഫാം നിര്‍മ്മിക്കാന്‍ ഹൈഡ നേഷന്‍

ബ്രിട്ടിഷ് കൊളംബിയ: പരിസ്ഥിതി സംരക്ഷണത്തിന് ആഗോളതലത്തില്‍ മാതൃകയായ കാനഡയിലെ ഹൈദ ഗ്വായ് ദ്വീപസമൂഹം, തങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ഡീസലിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാന്‍ വലിയ ചുവടുവെപ്പ് നടത്തുന്നു. തദ്ദേശീയ ജനതയുടെ ഉടമസ്ഥതയിലുള്ള ‘ടില്‍ യാഹ്ദ എനര്‍ജി’ (Tll Yahda Energy) എന്ന വൈദ്യുതി കമ്പനിയുടെ നേതൃത്വത്തില്‍ കാനഡയിലെ ഏറ്റവും വലിയ ഓഫ്-ഗ്രിഡ് (പ്രധാന വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിക്കാത്ത) സൗരോര്‍ജ്ജ നിലയം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി.

പ്രതിവര്‍ഷം ഏകദേശം 10 ദശലക്ഷം ലിറ്റര്‍ ഡീസലാണ് 4,500-ഓളം വരുന്ന ദ്വീപ് നിവാസികള്‍ക്കും ആശുപത്രി ഉള്‍പ്പെടെയുള്ള പൊതുസേവനങ്ങള്‍ക്കും വൈദ്യുതി നല്‍കാനായി ഇവിടെ ഉപയോഗിച്ചിരുന്നത്. ബാര്‍ജുകളിലും ട്രക്കുകളിലും കടല്‍മാര്‍ഗ്ഗം ഡീസല്‍ എത്തിക്കുന്നത് വലിയ പരിസ്ഥിതി അപകടങ്ങള്‍ക്ക് കാരണമാകുമെന്ന തിരിച്ചറിവാണ് 2018-ല്‍ ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലേക്ക് ഹൈദ ജനതയെ നയിച്ചത്. 2016-ല്‍ സമീപപ്രദേശത്തുണ്ടായ എണ്ണച്ചോര്‍ച്ച ഈ ആശങ്ക വര്‍ധിപ്പിച്ചിരുന്നു.

പരിസ്ഥിതി ലോല പ്രദേശങ്ങള്‍ക്കും സാല്‍മണ്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും ദോഷകരമാകാത്ത രീതിയില്‍, മാസെറ്റ് (Masset) വിമാനത്താവളത്തിന് ചുറ്റുമുള്ള ഒഴിഞ്ഞ ഭൂമിയിലാണ് ‘സോളാര്‍ നോര്‍ത്ത്’ എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ രണ്ട് മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തില്‍ 4,250 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 2027-ല്‍ നിര്‍മ്മാണം ആരംഭിച്ച് 2028 അവസാനത്തോടെ പൂര്‍ത്തിയാകുന്ന വിപുലീകരണത്തിലൂടെ 12,000 പാനലുകള്‍ കൂടി സ്ഥാപിച്ച് ശേഷി എട്ട് മെഗാവാട്ടായി ഉയര്‍ത്തും. 2030-ഓടെ സാന്‍ഡ്സ്പിറ്റ് വിമാനത്താവളത്തില്‍ രണ്ട് മെഗാവാട്ടിന്റെ ‘സോളാര്‍ സൗത്ത്’ പദ്ധതി കൂടി പൂര്‍ത്തിയാകുന്നതോടെ പ്രതിവര്‍ഷം 29 ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കാന്‍ സാധിക്കും. 2025 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ ഇതുവരെ ഏകദേശം 1.68 ലക്ഷം ലിറ്റര്‍ ഡീസല്‍ ലാഭിക്കാന്‍ സോളാര്‍ നോര്‍ത്തിന് കഴിഞ്ഞിട്ടുണ്ട്.

മഴയും മേഘാവൃതമായ കാലാവസ്ഥയും ഉള്ള പ്രദേശമായിരുന്നിട്ടും, വന്‍തോതില്‍ മരം മുറിക്കുന്നതിനോ ചെലവേറിയ ജലവൈദ്യുത പദ്ധതികള്‍ക്കോ പകരം സൗരോര്‍ജ്ജമാണ് ഏറ്റവും അനുയോജ്യമെന്ന് ദ്വീപ് നിവാസികള്‍ കണ്ടെത്തുകയായിരുന്നു. കാനഡയിലെ വിദൂര പ്രദേശങ്ങളില്‍ തദ്ദേശീയ സമൂഹങ്ങള്‍ സ്വന്തമായി വൈദ്യുതി ഉല്‍പ്പാദകരായി മാറുന്നതിന്റെ മികച്ച ഉദാഹരണമാണിത്.

അതേസമയം, വിദൂര പ്രദേശങ്ങളിലെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നത് ബി.സി. ഹൈഡ്രോ (BC Hydro) താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് ഭാവിയിലെ കാറ്റ്, തിരമാല ഊര്‍ജ്ജ പദ്ധതികള്‍ക്ക് വെല്ലുവിളിയായിട്ടുണ്ട്. നിലവിലുള്ള ഒമ്പത് പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ നടപടിയെങ്കിലും, 2030-ഓടെ ഡീസല്‍ ഉപയോഗം 80 ശതമാനം കുറയ്ക്കാനുള്ള പ്രവിശ്യയുടെ ലക്ഷ്യത്തെ ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്. എങ്കിലും, സര്‍ക്കാരും ബി.സി. ഹൈഡ്രോയും തദ്ദേശീയ ജനതയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് ഹൈദ ഗ്വായ് നിവാസികള്‍.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!