മണ്‍ട്രിയോള്‍: കാനഡയിലെ തിരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ ചര്‍ച്ചകളെയും സ്വാധീനിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഡീപ്പ്ഫേക്ക് വീഡിയോകള്‍ വ്യാപകമായി ഉപയോഗിക്കുന്നതായി പുതിയ പഠനം. പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരുടെ മുഖവും കൃത്രിമമായി നിര്‍മ്മിച്ച ശബ്ദവും ഉപയോഗിച്ച് വ്യാജ രാഷ്ട്രീയ പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്ന 293-ഓളം ടിക് ടോക് (TikTok), ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളുടെ ശൃംഖലയെ മക്ഗില്‍ സര്‍വകലാശാലയിലെ (McGill University) സെന്റര്‍ ഫോര്‍ മീഡിയ, ടെക്നോളജി ആന്‍ഡ് ഡെമോക്രസി കണ്ടെത്തി.
മൂന്ന് മാസത്തിനുള്ളില്‍ ഈ അക്കൗണ്ടുകളില്‍ നിന്നുള്ള 3,000-ത്തോളം വീഡിയോകള്‍ രണ്ട് കോടിയിലധികം തവണയാണ് ആളുകള്‍ കണ്ടത്. ആല്‍ബര്‍ട്ട ഹിതപരിശോധന, ബ്രിട്ടീഷ് കൊളംബിയ, കെബെക്ക് തിരഞ്ഞെടുപ്പുകള്‍, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന ഉള്ളടക്കങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. 29-കാരനായ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന് ബെന്നറ്റിന്റെ ദൃശ്യങ്ങളും എഐ ശബ്ദവും ഉപയോഗിച്ച് അദ്ദേഹം പറയാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു.

വടക്കേ അമേരിക്കയ്ക്ക് പുറത്തുനിന്നാണ് (ഒരുപക്ഷേ കിഴക്കന്‍ അല്ലെങ്കില്‍ ദക്ഷിണേഷ്യയില്‍ നിന്ന്) ഈ ശൃംഖല പ്രവര്‍ത്തിക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. കനേഡിയന്‍ പൗരന്മാരെ അമേരിക്കയ്ക്കെതിരെയും സ്വന്തം സര്‍ക്കാരിനെതിരെയും പരസ്പരവും തിരിക്കുക എന്നതാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
വ്യാജപ്രചാരണങ്ങളും ഡീപ്പ്ഫേക്കുകളും തടയുന്നതിനായി കനേഡിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ ‘സ്ട്രോങ് ആന്‍ഡ് ഫ്രീ ഇലക്ഷന്‍സ് ആക്ട്’ (Strong and Free Elections Act) പാസാക്കുകയും വിദേശ വ്യാജപ്രചാരണങ്ങളെ തുറന്നുകാട്ടാന്‍ ഗ്ലോബല്‍ അഫയേഴ്സ് കാനഡയ്ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ‘സേഫ് സോഷ്യല്‍ മീഡിയ ആക്ട്’ (Safe Social Media Act) നിലവില്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലാണ്.
എന്നാല്‍, സര്‍ക്കാര്‍ നടപടികള്‍ മാത്രം പോരാ എന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ കമ്പനികളുടെ ബിസിനസ്സ് മോഡല്‍ തന്നെ ഇത്തരം എഐ ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും, നിയമനിര്‍മ്മാണങ്ങളേക്കാള്‍ വേഗത്തിലാണ് സാങ്കേതികവിദ്യ വളരുന്നതെന്നും മീഡിയ-ടെക് വിദഗ്ധന്‍ മോഹിത് രാജ്ഹന്സ് വ്യക്തമാക്കി. സര്‍ക്കാരുകളും സോഷ്യല്‍ മീഡിയ കമ്പനികളും തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്നും പൊതുജനങ്ങളില്‍ തുടര്‍ച്ചയായ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
