Tuesday, November 17, 2026

വ്യാപാര കരാറുകള്‍ നീട്ടി; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി മാര്‍ക്ക് കാര്‍ണി

ഷെന്‍ഷെന്‍: ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (APEC) ഉച്ചകോടിക്ക് മുന്നോടിയായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി മാര്‍ക്ക് കാര്‍ണി. ചൈന-കാനഡ ബന്ധത്തില്‍ കൂടുതല്‍ സ്ഥിരതയും വ്യക്തതയും കൈവന്നതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കാര്‍ണിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ കാനഡയില്‍ നിന്നുള്ള പന്നിയിറച്ചി, സമുദ്രോത്പന്നങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന കുറയ്ക്കും.

അമേരിക്കയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ചൈനയുമാുളള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ചൈനയിലേക്കുള്ള കയറ്റുമതി 50 ശതമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കാനഡ അതിവേഗം മുന്നേറുകയാണെന്ന് കാര്‍ണി പറഞ്ഞു. പല കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കും അമേരിക്ക കനത്ത തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് കാര്‍ണിയുടെ ഈ സാമ്പത്തിക നയം.

പ്രധാന തീരുമാനങ്ങള്‍:

തീരുവ ഇളവുകള്‍: കനേഡിയന്‍ കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ചൈനീസ് വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഏകദേശം 400 ദശലക്ഷം കനേഡിയന്‍ ഡോളര്‍ (280 ദശലക്ഷം യു.എസ് ഡോളര്‍) മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന അധിക തീരുവ ഇളവ് നല്‍കും. ശീതീകരിച്ച പന്നിയിറച്ചി, മത്സ്യം, മറ്റ് സമുദ്രോത്പന്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

കാനഡയുടെ ഇളവ്: ഇതിന് പകരമായി, 2026 അവസാനത്തോടെ കാലാവധി തീരാനിരിക്കുന്ന ചില ചൈനീസ് സ്റ്റീല്‍, അലുമിനിയം ഉല്‍പ്പന്നങ്ങളുടെ നികുതി ഇളവ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കാനഡ സമ്മതിച്ചു.

നാല് നിര്‍ദ്ദേശങ്ങള്‍: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായി നാല് നിര്‍ദ്ദേശങ്ങള്‍ ഷി ജിന്‍പിങ് മുന്നോട്ടുവെച്ചതായി സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരസ്പരമുള്ള വികസന പാതകളെ കൃത്യമായി മനസ്സിലാക്കുക, വ്യാപാരം, ഊര്‍ജ്ജം, കൃഷി, ധനകാര്യം, ഹരിത-ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ എന്നിവയില്‍ സഹകരണം ശക്തമാക്കുക, സാംസ്‌കാരിക വിനിമയം വര്‍ദ്ധിപ്പിക്കുക, ബഹുമുഖ വ്യാപാര സംവിധാനത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നിവയാണവ.

സാമ്പത്തിക-വാഹന മേഖലകള്‍: ഉഭയകക്ഷി പ്രാദേശിക കറന്‍സി കൈമാറ്റ കരാര്‍ നടപ്പിലാക്കുന്നതിനെയും യോഗ്യതയുള്ള കനേഡിയന്‍ സ്ഥാപനങ്ങള്‍ക്ക് ചൈനയില്‍ ‘പാണ്ട ബോണ്ടുകള്‍’ (യുവാന്‍ അധിഷ്ഠിത ബോണ്ടുകള്‍) പുറത്തിറക്കുന്നതിനെയും ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തു. കൂടാതെ, 6.1% നികുതി നിരക്കില്‍ വര്‍ഷം 49,000 കാറുകള്‍ ഇറക്കുമതി ചെയ്യാന്‍ കാനഡ അനുമതി നല്‍കിയതോടെ ബിവൈഡി (BYD), ഗീലി (Geely), ചെറി (Chery) എന്നീ ചൈനീസ് വാഹന നിര്‍മ്മാതാക്കള്‍ കനേഡിയന്‍ വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ക്വാട്ട 70,000 കാറുകളായി ഉയരും.

മറ്റ് മേഖലകളിലെ വളര്‍ച്ച: കാനഡയില്‍ നിന്നുള്ള കനോല വിത്തുകള്‍, ലോബ്സ്റ്റര്‍, ഞണ്ട്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കും ചൈന നേരത്തെ നികുതി ഇളവുകള്‍ നല്‍കിയിരുന്നു. 2026-ല്‍ കാനഡയില്‍ നിന്ന് ചൈനയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 37 ശതമാനം വര്‍ദ്ധനവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായതിന് ശേഷം ഷി ജിന്‍പിങ്ങുമായി നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്. അതേസമയം, ബെയ്ജിങ്ങുമായുള്ള അടുത്ത ബന്ധം കാനഡയുടെ സുരക്ഷയെയും മൂല്യങ്ങളെയും ബാധിക്കുമെന്ന് സുരക്ഷാ വിദഗ്ധരും മനുഷ്യാവകാശ സംഘടനകളും ആശങ്ക പ്രകടിപ്പിച്ചു. ഹോങ്കോങ് മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ലായുടെ തടവ്, നാല് കനേഡിയന്‍ പൗരന്മാരെ ചൈന രഹസ്യമായി വധിച്ചത്, കനേഡിയന്‍ തിരഞ്ഞെടുപ്പുകളിലെ ചൈനീസ് ഇടപെടല്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ രംഗത്തെത്തിയത്. എന്നാല്‍ കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ചൈനയുടെ നിലപാട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!