ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യാത്രക്കാരുമായി പോയ ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർ മരിച്ചു. 26 പേർക്ക് പരുക്കേറ്റു. തെഹ്‌രി ഗർവാൾ ജില്ലയിലെ ഗുലാർ ബസാറിന് സമീപം ചൊവ്വാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടം.

ഹരിദ്വാറിൽനിന്ന് ചമോലിയിലേക്ക് പോവുകയായിരുന്ന ബസാണ് ഗുലാർ പാലത്തിൽനിന്ന് ഏകദേശം 100 മീറ്റർ താഴ്ചയിലേക്ക് പതിച്ചത്. അപകടസമയത്ത് ബസിൽ 30 മുതൽ 35 വരെ യാത്രക്കാരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
അപകടവിവരം അറിഞ്ഞയുടൻ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (SDRF) നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ബയാസി, ധൽവാല എന്നിവിടങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. ബസിനുള്ളിൽ കുടുങ്ങിയവരെ ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്തത്.
പരുക്കേറ്റവരെ സ്ട്രെച്ചറുകളിൽ മുകളിലെത്തിച്ച ശേഷം ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റി. ഏഴ് പേർ സംഭവസ്ഥലത്തും ഒരാൾ ചികിത്സയ്ക്കിടെ ഋഷികേശിലെ എയിംസിലുമാണ് മരിച്ചത്.
അപകടത്തിന്റെ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
