ടൊറന്റോ: പ്രവിശ്യയിലുടനീളം വ്യാപകമായ സമരത്തിനൊരുങ്ങി ഒന്റാരിയോ സെക്കന്‍ഡറി അധ്യാപകര്‍. പണിമുടക്കിന് 96% പേരും പിന്തുണച്ചതോടെയാണ് അധ്യാപക സമരത്തിന് സാധ്യതയേറിയത്. കരാര്‍ ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഡഗ് ഫോര്‍ഡ് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകുന്ന രീതിയിലാകും പ്രതിഷേധം.
ഒന്റാരിയോ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് ഫെഡറേഷന്‍ (OSSTF) പ്രതിനിധീകരിക്കുന്ന പബ്ലിക് ഹൈസ്‌കൂള്‍ അധ്യാപകരില്‍ 96 ശതമാനം പേരും ആവശ്യമെങ്കില്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ യൂണിയന് അനുമതി നല്‍കിയതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഒന്റാരിയോയിലെ കാത്തലിക് അധ്യാപകരില്‍ 98 ശതമാനം പേരും പണിമുടക്കിന് അനുകൂലമായി വോട്ട് ചെയ്തതിന് തൊട്ടടുത്ത ദിവസമാണ് പുതിയ പ്രഖ്യാപനം. ഒ.എസ്.എസ്.ടി.എഫിലെ മറ്റ് വിദ്യാഭ്യാസ ജീവനക്കാരില്‍ 92 ശതമാനം പേരും പണിമുടക്ക് തീരുമാനത്തെ പിന്തുണച്ചു.

അടുത്ത ആഴ്ച കേന്ദ്രതലത്തിലുള്ള കരാര്‍ ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് ഈ വോട്ടെടുപ്പ് ഫലം പുറത്തുവരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നിക്ഷേപവും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പിന്തുണയും അധ്യാപകരുടെ തൊഴിലിന് അര്‍ഹമായ ബഹുമാനവുമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഒ.എസ്.എസ്.ടി.എഫ് പ്രസിഡന്റ് മാര്‍ത്ത ഹ്രഡോവി (Martha Hradowy) മാധ്യമങ്ങളോട് പറഞ്ഞു. പണിമുടക്ക് അനുമതി ലഭിച്ചതുകൊണ്ട് ഉടന്‍ സമരം തുടങ്ങില്ലെന്നും അതിന് മുന്‍പ് മറ്റ് നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഫോര്‍ഡ് സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയ്ക്ക് ആവശ്യമായ ഫണ്ട് നല്‍കാത്തത് അധ്യാപകരെ വലിയ പ്രതിസന്ധിയിലാക്കിയെന്ന് ഹ്രഡോവി ആരോപിച്ചു. ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും ജീവനക്കാരുടെ കുറവും വിദ്യാഭ്യാസ സംവിധാനത്തെ തകര്‍ക്കുകയാണ്. എഡ്യൂക്കേഷണല്‍ അസിസ്റ്റന്റുമാര്‍, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവരുടെ തസ്തികകള്‍ വെട്ടിക്കുറച്ചത് അധ്യാപകരുടെ ജോലിഭാരം വര്‍ധിപ്പിക്കുകയും തൊഴിലിടങ്ങളിലെ സുരക്ഷാ ഭീഷണിക്ക് കാരണമാവുകയും ചെയ്യുന്നു. മതിയായ പിന്തുണ ഇല്ലാത്തതിനാല്‍ പല രക്ഷിതാക്കള്‍ക്കും കുട്ടികളെ വീട്ടില്‍ തന്നെ ഇരുത്തേണ്ടി വരുന്ന സാഹചര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒന്റാരിയോയിലെ അധ്യാപകര്‍ക്ക് പുതുക്കിയ തൊഴില്‍ കരാര്‍ ഇല്ല. ഏതൊക്കെ വിഷയങ്ങള്‍ കേന്ദ്രതലത്തിലും ഏതൊക്കെ പ്രാദേശിക തലത്തിലും ചര്‍ച്ച ചെയ്യണമെന്ന കാര്യത്തില്‍ സര്‍ക്കാരും യൂണിയനുകളും തമ്മിലുണ്ടായ തര്‍ക്കമാണ് ചര്‍ച്ചകള്‍ വൈകാന്‍ കാരണമായത്.
അതേസമയം, യൂണിയനുകളുടെ ഈ വോട്ടെടുപ്പ് ഫലം ചര്‍ച്ചകളുടെ ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണെന്നും ഇതില്‍ അത്ഭുതപ്പെടാനില്ലെന്നും വിദ്യാഭ്യാസ മന്ത്രി പോള്‍ കലാന്‍ഡ്ര (Paul Calandra) പ്രതികരിച്ചു. നികുതിദായകരുടെ താല്‍പ്പര്യം കൂടി സംരക്ഷിച്ചുകൊണ്ടേ മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും യൂണിയനുകള്‍ ആവശ്യപ്പെടുന്നതെല്ലാം നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, മന്ത്രിയുടെ വാദങ്ങളെ തള്ളിയ എന്‍.ഡി.പി (NDP) നേതാവ് മാരിറ്റ് സ്‌റ്റൈല്‍സ് (Marit Stiles), വിദ്യാഭ്യാസ മന്ത്രി പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ വോട്ടെടുപ്പ് ഫലമെന്ന് വിമര്‍ശിച്ചു.
