വിനിപെഗ്: ഇലക്ട്രിക് വാഹന (EV) സബ്സിഡി പദ്ധതിയിൽ നിന്ന് ടെസ്‌ലയെ ഒഴിവാക്കിയതിനെതിരെ കനേഡിയൻ കോടതിയുടെ നിർണ്ണായക ഇടപെടൽ. തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്തെന്നും, ആരാണ് ഈ തീരുമാനമെടുത്തതെന്നും 10 ദിവസത്തിനകം സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാൻ മാനിറ്റോബ പ്രവിശ്യാ സർക്കാരിനോട് കോടതി ഉത്തരവിട്ടു.
പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 4,000 കനേഡിയൻ ഡോളർ വരെയും, ഉപയോഗിച്ച വാഹനങ്ങൾക്ക് 2,500 ഡോളർ വരെയും സബ്സിഡി നൽകുന്ന പദ്ധതിയിൽ നിന്നാണ് 2025 മാർച്ചിൽ ടെസ്‌ലയെയും ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങളെയും മാനിറ്റോബ സർക്കാർ ഒഴിവാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്‌ക്കെതിരെ ഏർപ്പെടുത്തിയ വ്യാപാര നികുതികൾക്കുള്ള തിരിച്ചടിയായാണ് ഈ നടപടിയെന്ന് പ്രവിശ്യാ ഭരണകൂടം നേരത്തെ സൂചിപ്പിച്ചിരുന്നു. ട്രംപിന്റെ അടുത്ത അനുയായിയായ ഇലോൺ മസ്ക് നികുതികൾ പിൻവലിക്കാൻ ഇടപെട്ടാൽ സബ്സിഡിയുടെ കാര്യം പരിഗണിക്കാമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ പരസ്യമായി പ്രതികരിച്ചിരുന്നു.

എന്നാൽ, പദ്ധതിയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമായും വ്യക്തമായ നടപടിക്രമങ്ങൾ പാലിക്കാതെയും രാഷ്ട്രീയ കാരണങ്ങളാലാണ് തങ്ങളെ ഒഴിവാക്കിയതെന്ന് ആരോപിച്ച് ടെസ്‌ല കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം 0.56 മില്യൺ കനേഡിയൻ ഡോളറിന്റെ ആനുകൂല്യം നഷ്ടമായെന്നും കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഇതൊരു നയപരമായ തീരുമാനമായതിനാൽ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ, സർക്കാർ സമർപ്പിച്ച രേഖകളിൽ ആരാണ് തീരുമാനമെടുത്തതെന്നോ അതിന്റെ കൃത്യമായ കാരണങ്ങളോ വ്യക്തമല്ലെന്ന് മാനിറ്റോബ കോർട്ട് ഓഫ് കിങ്സ് ബെഞ്ച് ജഡ്ജി എലിസ നെവിൽ നിരീക്ഷിച്ചു. തുടർന്നാണ്, തീരുമാനമെടുത്ത ഉദ്യോഗസ്ഥന്റെ വിവരങ്ങളും ബന്ധപ്പെട്ട പൂർണ്ണമായ രേഖകളും സത്യവാങ്മൂലമായി ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്. ഈ ഉദ്യോഗസ്ഥനെ ക്രോസ് വിസ്താരം ചെയ്യാൻ ടെസ്‌ലയ്ക്ക് അനുമതിയുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
