Friday, November 20, 2026

B.Cയിലെ റെയിൽ അപകടം പരിസ്ഥിതിക്ക് ഭീഷണി; ചരക്ക് ഗതാഗതം നിർത്തണമെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ

വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ സ്കീന നദിയിലേക്ക് ചരക്ക് ട്രെയിൻ പാളം തെറ്റി വീണതിനെത്തുടർന്ന് ഡീസൽ ചോർച്ച. എട്ട് മാസത്തിനിടെ മേഖലയിൽ നടക്കുന്ന രണ്ടാമത്തെ സമാന അപകടമാണിത്. പരിസ്ഥിതിക്കും തങ്ങളുടെ ഭക്ഷ്യസുരക്ഷയ്ക്കും കടുത്ത ഭീഷണി ഉയർത്തുന്ന റെയിൽ ചരക്ക് ഗതാഗതം ഉടൻ നിർത്തിവെക്കണമെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ടെറസിന് (Terrace) ഏകദേശം 16 കിലോമീറ്റർ പടിഞ്ഞാറാണ് അപകടമുണ്ടായത്. പാറക്കെട്ടുകൾ ഇടിഞ്ഞുവീണതിനെത്തുടർന്ന് കനേഡിയൻ നാഷണൽ റെയിൽവേയുടെ (CN Rail) ചരക്ക് ട്രെയിൻ പാളം തെറ്റുകയായിരുന്നു. ട്രെയിനിന്റെ രണ്ട് എഞ്ചിനുകളും വനവിഭവങ്ങൾ കയറ്റിയ അഞ്ച് ബോഗികളുമാണ് പാളം തെറ്റി നദിയിലേക്ക് പതിച്ചത്. അപകടത്തിൽ പരുക്കേറ്റ രണ്ട് റെയിൽവേ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

പാളം തെറ്റിയ എഞ്ചിന്റെ ഇന്ധന ടാങ്കിൽ നിന്നാണ് നദിയിലേക്ക് ഡീസൽ ചോർന്നത്. ചോർച്ച നിയന്ത്രിക്കാനും നദിയിലെ മലിനീകരണം കുറയ്ക്കാനുമുള്ള ശുചീകരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് സി.എൻ റെയിൽ അധികൃതർ വ്യക്തമാക്കി. അപകടത്തെത്തുടർന്ന് സമീപത്തെ ഹൈവേ 16-ൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു.

അതേസമയം, തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിൽ ഗിറ്റ്ക്സാൻ (Gitxsan) ഉൾപ്പെടെയുള്ള ഫസ്റ്റ് നേഷൻസ് വിഭാഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്. 103 വർഷം പഴക്കമുള്ള റെയിൽപ്പാതയുടെ സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതുവരെ ചരക്ക് നീക്കം പൂർണ്ണമായും നിർത്തിവെക്കണമെന്ന് ഗിറ്റ്ക്സാൻ നേതാവ് ടോബി ഹോവാർഡ് ആവശ്യപ്പെട്ടു.

തങ്ങളുടെ പ്രധാന ഭക്ഷ്യസ്രോതസ്സായ സാൽമൺ (Salmon) മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെയാണ് ഡീസൽ ചോർച്ച നേരിട്ട് ബാധിക്കുന്നതെന്ന് കിറ്റ്സെലാസ് (Kitselas), കിറ്റ്സുംകാലം (Kitsumkalum), ലാക്സ് ക്വാലാംസ് (Lax Kw’alaams) എന്നീ ഫസ്റ്റ് നേഷൻസ് വിഭാഗങ്ങളും ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാർച്ചിൽ ഇതേ മേഖലയിലുണ്ടായ മണ്ണിടിച്ചിലിലും ട്രെയിൻ പാളം തെറ്റി ഏകദേശം 8,000 ലിറ്ററോളം ഡീസൽ നദിയിൽ കലർന്നിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!