കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദമായ അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഐഎം നേതാക്കളായ പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെ വിട്ടു. എറണാകുളം സിബിഐ കോടതിയുടേതാണ് വിധി. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഒന്നാം പ്രതി സുമേഷ് ഉൾപ്പെടെ 13 പേർക്കെതിരായ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. കേസിലെ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുസ്ലിം ലീഗ് നേതൃത്വവും ഷുക്കൂറിന്റെ ബന്ധുക്കളും അറിയിച്ചു.
14 വർഷത്തെ നിയമപോരാട്ടം
2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ സ്വദേശിയായ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൾ ഷുക്കൂർ കൊല്ലപ്പെട്ടത്. സിപിഐഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയായിരുന്നു കൊലപാതകം.
ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നേതാക്കളെ സന്ദർശിച്ച ശേഷം, ഷുക്കൂറിനെയും മറ്റ് ലീഗ് പ്രവർത്തകരെയും സിപിഐഎം പ്രവർത്തകർ തടഞ്ഞുവെച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ഷുക്കൂറിനെയും സക്കറിയ അയൂബിനെയും ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ 18കാരനായ ഷുക്കൂർ കൊല്ലപ്പെട്ടു.

സിബിഐ അന്വേഷണം നിർണായകമായി
കേരള പൊലീസ് ആദ്യം 18 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് പ്രതികളുടെ എണ്ണം 34 ആയി ഉയർന്നു. 2016 ഏപ്രിലിൽ സിബിഐ അന്വേഷണം ഏറ്റെടുത്തു.
2019 ഫെബ്രുവരിയിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിചേർത്തു. ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ ഗൂഢാലോചന നടന്നെന്നായിരുന്നു സിബിഐയുടെ ആരോപണം.
2025 മേയ് അഞ്ചിനാണ് എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ വിചാരണ ആരംഭിച്ചത്. വിചാരണയ്ക്കിടെ രണ്ട് പ്രതികൾ മരിച്ചതോടെ 31 പേരാണ് വിചാരണ നേരിട്ടത്.
